ഹോങ്കോംഗിനെ വീഴ്ത്തി നേപ്പാള്‍, റണ്‍ റേറ്റില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സിക്സിലേക്ക്

- Advertisement -

66/5 എന്ന നിലയില്‍ നിന്ന് ഹോങ്കോംഗിനെതിരെ വിജയം പിടിച്ചെടുത്ത് നേപ്പാള്‍. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ഒത്തുകൂടിയ രോഹിത് കുമാര്‍-സോംപാല്‍ കാമി സഖ്യമായിരുന്നു. 89 റണ്‍സാണ് അപരാജിത കൂട്ടുകെട്ടില്‍ അവര്‍ പടുത്തുയര്‍ത്തിയത്. വിജയം ഹോങ്കോംഗിനെ സൂപ്പര്‍ സിക്സിലേക്ക് അര്‍ഹരാക്കുമെങ്കിലും നേപ്പാള്‍ ഹോങ്കോംഗിന്റെ ആ സ്വപ്നങ്ങളെ ഇല്ലാതാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ രണ്ട് പോയിന്റ് വീതമുള്ള അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, നേപ്പാള്‍ ടീമുകളില്‍ നിന്ന് മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടി.

മത്സരത്തില്‍ ടോസ് നേടിയ ഹോങ്കോംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ബാറ്റ്സ്മാന്മാര്‍ ടീമിനെ നിരാശപ്പെടുത്തി. ഐപിഎലിലെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം സന്ദീപ് ലാമിച്ചാനെയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി നേപ്പാള്‍ നിരയില്‍ തിളങ്ങിയത്. കെസി കരണ്‍, ബസന്ത് റെഗ്മി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

47 റണ്‍സ് നേടിയ നിസാകത് ഖാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഒമ്പതാമനായി ഇറങ്ങിയ എഹ്സാന്‍ ഖാന്‍ ആണ് രണ്ടാമത്തെ മികച്ച സ്കോര്‍ നേടിയത്. 48.2 ഓവറില്‍ 153 റണ്‍സിനു ഹോങ്കോംഗ് ഓള്‍ഔട്ട് ആവുകയായിരുന്നു.

ബൗളര്‍മാര്‍ വിജയത്തിനുള്ള സാഹചര്യമൊരുക്കിയെങ്കിലും നേപ്പാളിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ നിരാശപ്പെടുത്തുകയായിരുന്നു. ഐസാസ് ഖാനും എഹ്സാന്‍ ഖാനും ചേര്‍ന്ന് നേപ്പാളിനെ 66/5 എന്ന നിലയിലേക്ക് വീഴ്തത്തി. പിന്നീടാണ് ചരിത്രം കുറിച്ച ഇന്നിംഗ്സുകളുമായി രോഹിത്തും സോംപാലും രംഗത്തെത്തിയത്. 40.4 ഓവറില്‍ ടീം 5 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു. രോഹിത് കുമാര്‍ 48 റണ്‍സും സോംപാല്‍ കാമി 37 റണ്‍സുമാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement