എന്നെ ഇന്നത്തെ നിലയിലെ ക്രിക്കറ്ററാക്കിയത് ഗൗതം ഗംഭീര്‍: നവദീപ് സൈനി

- Advertisement -

എന്നെ ഇന്നത്തെ നിലയിലൊരു ക്രിക്കറ്ററാക്കി മാറ്റിയത് ഗൗതം ഗംഭീര്‍ ആണെന്ന് പറഞ്ഞ് നവദീപ് സൈനി. മുഹമ്മദ് ഷമി യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് പകരം അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് ടീമില്‍ നവദീപ് സൈനിയ്ക്ക് അവസരം ലഭിക്കുന്നത്. രഞ്ജിയില്‍ മുംബൈയ്ക്കായി 8 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് സൈനി നേടിയത്. ഡല്‍ഹിയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരവും സൈനിയായിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരത്തെ 3 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. മത്സരിക്കുവാന്‍ അവസരം ലഭിച്ചില്ലെങ്കിലും താരത്തിനു ലഭിച്ച വലിയൊരു നേട്ടമായിരുന്നു അത്.

2013വരെ ലെതര്‍ ബോളില്‍ കളിച്ചിട്ടില്ലാത്ത സൈനിയെ എങ്ങനെ പന്തുപയോഗിക്കണമെന്ന് പഠിപ്പിച്ചത് ഗംഭീറാണെന്നാണ് സൈനി പറയുന്നത്. ടെന്നീസ് ബോളില്‍ എങ്ങനെ പന്തെറിഞ്ഞുവോ അത് പോലെ തന്നെ പന്തെറിയാനാണ് നവദീപിനോട് ഗംഭീര്‍ പറഞ്ഞത്. താന്‍ ഇന്നത്തെ നിലയില്‍ എത്തിയതിനു പിന്നില്‍ ഗംഭീര്‍ ആണെന്ന് പറഞ്ഞ നവദീപ് സൈനി വികാരഭരിതനായി.

രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് നെറ്റ് ബൗളര്‍ ആയി ചെല്ലുവാന്‍ ബിസിസിഐ താരത്തെ ക്ഷണിച്ചിരുന്നുവെങ്കിലും ഗംഭീറിന്റെ വാക്കുകള്‍ കേട്ട് താരം രഞ്ജി ഫൈനല്‍ കളിക്കുന്നതിനായി ഇന്ത്യയില്‍ തന്നെ നിലകൊണ്ടു. പകരം അങ്കിത് രാജ്പുതാണ് അന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement