പാക് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നസീര്‍ ജംഷേദ്

പിഎസ്എല്‍ 2017ല്‍ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങിയ പാക് ഓപ്പണര്‍ നസീര്‍ ജംഷേദിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അന്വേഷണവുമായി സഹകരിച്ചില്ല എന്ന കാരണത്താലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ താരം ഇപ്പോള്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ പോയിരിക്കുകയാണ്. സസ്പെന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ താരത്തിനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

താരം തനിക്കെതിരെ ബോര്‍ഡ് മറ്റു താരങ്ങളോട് തെളിവ് നല്‍കുവാന്‍ ശക്തമായി പ്രേരിപ്പിക്കുകയാണെന്ന് തന്റെ ട്വിറ്ററില്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. 2017 പിഎസ്എല്‍ സീസണില്‍ താരം കളിച്ചിരുന്നില്ലെങ്കിലും ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ അന്വേഷണത്തില്‍ സംശയകരമായി കണ്ടെത്തിയ അഞ്ച് താരങ്ങളില്‍ ഒരാളാണ് ജംഷേദ്.

ഷര്‍ജീല്‍ ഖാനും ഖാലിദ് ലത്തീഫിനും അഞ്ച് വര്‍ഷത്തെ വിലക്ക് നല്‍കിയപ്പോള്‍ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ് എന്നിവരെ യഥാക്രമം 12, 2 മാസങ്ങള്‍ വിലക്കിയിരുന്നു. തങ്ങളുടെ സ്പോട്ട് ഫിക്സിംഗിനായി സമീപിച്ച വിവരം തത്സമയം കമ്മിറ്റിയെ അറിയിക്കാതിരുന്നതിനായിരുന്നു ഇര്‍ഫാനും നവാസിനും വിലക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബോക്സിംഗില്‍ ഇന്ത്യയുടെ നമന്‍ തന്‍വാര്‍ ക്വാര്‍ട്ടറില്‍
Next articleഓസ്ട്രേലിയ ലോകകപ്പിനായി പുതിയ ജേഴ്സി പുറത്തിറക്കി