11 തുടര്‍ വിജയങ്ങളുമായി അഫ്ഗാനിസ്ഥാന്‍

- Advertisement -

ടി20യിലെ ജൈത്രയാത്ര തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍. അയര്‍ലണ്ടിനെതിരെയുള്ള മൂന്നാം ടി20യിലും വിജയം അവര്‍ത്തിച്ച് തുടര്‍ച്ചയായ 11ാം വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 233 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിനു 205 റണ്‍സ് മാത്രമേ നേടാനായുള്ളു. 28 റണ്‍സ് വിജയത്തോടു കൂടി പരമ്പര അഫ്ഗാനിസ്ഥാന്‍ തൂത്തുവാരി. മുഹമ്മദ് നബി മാന്‍ ഓഫ് ദി മാച്ച്. റഷീദ് ഖാന്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് പ്രകടനക്കാരന്‍ നജീബ് താരാകായി(3) നേരത്തെ പുറത്തായെങ്കിലും ഇത്തവണത്തെ വെടിക്കെട്ട് മുഹമ്മദ് ഷെഹ്സാദിന്റെ വകയായിരുന്നു. 43 പന്തില്‍ 72 റണ്‍സ് നേടിയ ഷെഹ്സാദ് പുറത്താകുമ്പോള്‍ 12.3 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 121 റണ്‍സ് നേടിയിരുന്നു. ഉസ്മാന്‍ ഖാനി(23), അസ്ഗര്‍ സ്റ്റാനിക്സായി(12) എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. 121/5 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാനു ബാറ്റിംഗ് ഊര്‍ജ്ജം നല്‍കിയത് മുഹമ്മദ് നബിയുടെ 30 ബോള്‍ 89 റണ്‍സായിരുന്നു. 6 ബൗണ്ടറികളും 9 സിക്സറുകള്‍ അടങ്ങിയ ഇന്നിംഗ്സിനു അവസാന പന്തില്‍ റണ്‍ഔട്ട് രൂപത്തിലായിരുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 233 റണ്‍സാണ് അഫ്ഗാന്‍ ബാറ്റിംഗ് നിര അടിച്ചു കൂട്ടിയത്. കെവിന്‍ ഒബ്രൈന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ജേക്കബ് മുള്‍ഡര്‍ രണ്ടും ആന്‍ഡി മക്ബ്രൈന്‍ ഒരു വിക്കറ്റും നേടി.

അയര്‍ലണ്ടിനും മികച്ച തുടക്കമാണ് ലഭിച്ചത്. പോള്‍ സ്റ്റിര്‍ലിംഗും(49) സ്റ്റുവര്‍ട് തോംപ്സണും(43) തകര്‍ത്താടിയപ്പോള്‍ ലക്ഷ്യം പിന്തുടരുന്നത് സാധ്യമെന്ന തോന്നല്‍ അയര്‍ലണ്ട് ക്യാമ്പിലുണ്ടായി. എന്നാല്‍ ഓവറുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്താകുകയും മധ്യനിരയുടെ ഭാഗത്ത് നിന്ന് കാര്യമായ സംഭാവന ഇല്ലാതിരിക്കുകയും ചെയ്തപ്പോള്‍ അയര്‍ലണ്ടിനു ലക്ഷ്യം അപ്രാപ്യമായിത്തുടങ്ങി. ഗാരി വില്‍സണ്‍(59) പൊരുതി നോക്കിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ 19.2 ഓവറുകളില്‍ 205 റണ്‍സിനു അയര്‍ലണ്ട് ചേസിംഗ് അവസാനിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കരിം ജനത്, അമീര്‍ ഹംസ എന്നിവര്‍ രണ്ട് വിക്കറ്റും ശപൂര്‍ സര്‍ദാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement