ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍, 500 കടന്ന് ബംഗ്ലാദേശ്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിമിന്റെ ഇരട്ട ശതകമാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  രണ്ടാം ദിവസം ടീമിനു രണ്ട്  വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ദിവസം 303/5 എന്ന സ്കോറില്‍ അവസാനിപ്പിച്ച ബംഗ്ലാദേശിനു ഇന്ന് രണ്ടാം ദിവസം 219 റണ്‍സാണ് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്.

മഹമ്മദുള്ളയെയും(36), ആരിഫുള്‍ ഹക്കിനെയും(4) നഷ്ടമായെങ്കിലും മെഹ്‍ദി ഹസനെ കൂട്ടുപിടിച്ച് മുഷ്ഫിക്കുര്‍ തന്റെ രണ്ടാം ഇരട്ട ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. കൈല്‍ ജാര്‍വിസിനാണ് ഇന്ന് വീണ് രണ്ട് വിക്കറ്റുകളും ലഭിച്ചത്. മത്സരത്തില്‍ നിന്നുള്ള തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്താനും ജാര്‍വിസിനു സാധിച്ചു.

മുഷ്ഫിക്കുര്‍ റഹിം 219 റണ്‍സും മെഹ്ദി ഹസന്‍ 68 റണ്‍സും  നേടി ക്രീസില്‍ നില്‍ക്കെയാണ് ംഗ്ലാദേശിന്റെ ഡിക്ലറേഷന്‍. 160 ഓവറുകളാണ് ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ നേരിട്ടത്.

Exit mobile version