മുനാഫ് പട്ടേൽ: 137+ മുതൽ 120+ വരെ

2011 ജനുവരി 15, വാൻഡറേഴ്സ്, ജൊഹാനെസ്‌ബർഗ്. ആ വർഷത്തെ വേൾഡ് കപ്പിന് തൊട്ടുമുന്നേയുള്ള ഇന്ത്യയുടെ അവസാന പരിശീലനപരമ്പരയിലെ രണ്ടാം ഏകദിനം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ധോണിക്ക് പിഴച്ചുവോ എന്ന് തോന്നുന്ന രീതിയിൽ ആയിരുന്നു ഇന്ത്യൻ ബാറ്റിംഗ്. വല്ലവിധേനയും 188 റൺ നേടി. സൗത്ത് ആഫ്രിക്കയ്ക് ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് മികച്ച തുടക്കം നൽകി. പക്ഷെ ഇടയ്ക്ക് എവിടെയൊക്കെയോ അവർക്കും പാളിപ്പോയി. അവസാനം 8 ഓവറിൽ 3 റൺ വേണം അവർക്ക് ജയിക്കാൻ. 2 വിക്കറ്റ് അവശേഷിക്കുന്നു. പാടുള്ള കാര്യമല്ല. മോണേ മോർക്കലും, വെയ്ൻ പാർണലും ക്രീസിൽ. പന്തെറിയാൻ കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്നു എന്നുള്ള ഒരു ഭാവവും ഇല്ലാത്ത ഒരു സാധാരണക്കാരൻ. മക്ഗ്രാത്തിന്റെ ബൗളിംഗ് അക്ഷനോട് വളരെയധികം സാമ്യമുള്ള ഒരു ചെറുപ്പക്കാരൻ. പിന്നീട് അങ്ങോട്ട് കണ്ടത് ആ വർഷത്തെ ഏറ്റവും മികച്ച ത്രില്ലറിന്റെ പര്യവസാനം. ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ വിജയം. അവസാനം 4 വിക്കറ്റുമായി അദ്ദേഹം മാൻ ഓഫ് ദി മാച്ച് ആയി.

മുനാഫ് പട്ടേൽ. അദ്ദേഹത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഗുജറാത്തിലെ ഇഖാർ എന്ന ഗ്രാമത്തിൽ നിന്നും അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം സംഭവബഹുലമായിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നതിന് മുന്നേ തന്നെ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയിരുന്നു. നെറ്റ്സിലെ പ്രകടനം കണ്ട് കിരൺ മോറെയുടെ പ്രത്യേക ക്ഷണപ്രകാരമാണ്  ചെന്നൈ MRF പേസ് ഫൗണ്ടേഷനിൽ എത്തുന്നത്. അവിടെ ഡെന്നിസ് ലില്ലിയുടെ കീഴിൽ മൂർച്ചനേടിയ ഒരു ആയുധമായാണ് മുനാഫ് ഇറങ്ങുന്നത്. അവിടെ നിന്നും സച്ചിന്റെ നിർദ്ദേശപ്രകാരം മുംബൈ രഞ്ജി ടീമിലേക്ക്.

അന്ന് ഉണ്ടായിരുന്ന ഇന്ത്യൻ പേസർമാരിൽ ഫാസ്റ്റസ്റ്റ് മാത്രമായിരുന്നില്ല മുനാഫ്, പക്ഷെ ആ പേസിലും നല്ല നിയന്ത്രണവും ഉണ്ടായിരുന്നു. പന്ത് രണ്ട് വശത്തേക്കും മൂവ് ചെയ്യിക്കുക എന്നത് ഒരു സ്‌കിൽ തന്നെയാണല്ലോ. ഒടുവിൽ ഇന്ത്യയിൽ വന്ന ഇംഗ്ലണ്ട് ടീമിനോട് ഒരു പരിശീലന മത്സരത്തിൽ 10 വിക്കറ്റ് നേടിയത് നിർണായകമായി. അങ്ങനെ ഇംഗ്ലണ്ടിനോടുള്ള ആ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിൽ മൊഹാലിയിൽ അരങ്ങേറ്റം. രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുൾപ്പടെ അരങ്ങേറ്റത്തിൽ 7 വിക്കറ്റ് നേട്ടം.

2007 വേൾഡ് കപ്പ് ഇന്ത്യയ്ക്ക് എന്നും ദുഃഖം നൽകുന്ന ഓർമയാണ്. ആ വർഷം തന്നെ അദ്ദേഹം ടീമിന്റെ പുറത്തുപോയി. പരിക്ക് എന്നും അദ്ദേഹത്തിന്റെ കരിയറിൽ വില്ലൻ ആയിരുന്നു. ഇന്ത്യൻ ടീമിൽ കയറുന്നതിന് മുന്നേ തന്നെ അത് പലപ്പോഴും തടസമായി വന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടിലേക്ക് അയച്ച് ബൗളിംഗ് എഫിഷിയൻസി കൂട്ടാനുള്ള ശ്രമവും നടന്നു. പക്ഷെ അത് എത്രത്തോളം ഗുണം ചെയ്തു എന്നത് സംശയാസ്പദമാണ്. ഇടക്കിടക്ക് പോയും, വന്നും നിന്ന മുനാഫ് ഒരു മികച്ച പ്രകടനം നടത്തിയ കളിയാണ് ആദ്യം പറഞ്ഞത്. പക്ഷെ ഈ പരിക്കുകൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്ന പേസിനെ കാര്യമായി ബാധിച്ചു. റൈറ്റ് ആം ഫാസ്റ്റിൽ നിന്നും തന്റെ വിശേഷണം റൈറ്റ് ആം ഫാസ്റ്റ് മീഡിയം ആയി മാറി. പേസ് കുറഞ്ഞപ്പോൾ ടെക്നിക്കൽ സ്‌കിൽ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞതുകാരണം വീണ്ടും അവസരങ്ങൾ തേടിവന്നു.

അതുകൊണ്ട് തന്നെയാണ് പ്രവീൺ കുമാറിന് 2011 വേൾഡ് കപ്പ് നടക്കുന്നതിന് മുന്നേ നേരിട്ട പരിക്ക് കാരണം ഇന്ത്യ മറ്റൊരു ബൗളറെ അന്വേഷിച്ച് പോകാതെ നേരെ മുനാഫിനെ തിരഞ്ഞെടുത്തത്. ഇന്ത്യ ആ വേൾഡ് കപ്പ് നേടുമ്പോൾ വളരെ നിർണായകമായ പ്രകടനങ്ങൾ കൊണ്ട് അദ്ദേഹവും ഭാഗധേയം വഹിച്ചു. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് 4/48 മുതൽ സെമിയിൽ പാകിസ്താനെ ഇന്ത്യ തോല്പിച്ച മത്സരത്തിൽ 2/40 വരെ. ഫൈനലിൽ വിക്കറ്റ് നേടാൻ കഴിഞ്ഞില്ല എങ്കിലും റൺ കൊടുക്കുന്നതിൽ പിശുക്ക് കാട്ടി. ഇന്ത്യ ആ ടൂർണമെന്റിൽ ഉടനീളം പിന്തുടർന്ന ഒരു മാർഗം ആയിരുന്നു തങ്ങളുടെ പേസ് ഇല്ലായ്മ മറികടക്കാൻ ടെക്‌നിക്കൽ സ്‌കിൽ ഉപയോഗിച്ച് റൺ ഒഴുക്ക് തടഞ്ഞ് വിക്കറ്റ് നേടുക എന്നത്. അത് വൻ വിജയമായി മാറുകയുണ്ടായി.

എന്തുകൊണ്ടോ ആ വേൾഡ് കപ്പിന് ശേഷം കാര്യമായി ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാൻ അവസരങ്ങൾ ലഭിച്ചില്ല. ഒരു നല്ല ഫീൽഡർ അല്ല എന്നതും, ഫിറ്റ്നസ്സിനു മുൻഗണന നൽകുന്ന ആളാണ് ക്യാപ്റ്റൻ ധോണി എന്നതും അദ്ദേഹത്തിന് തിരിച്ചടിയായി. ഇന്ത്യയ്ക്ക് വേണ്ടി അവസാനം കളിച്ചത് 2011 സെപ്റ്റംബറിൽ. അവസാന ഫസ്റ്റ് ക്ലാസ് മത്സരം 2016 നവംബറിലും, ലിസ്റ്റ് എ മത്സരം 2015 ഡിസമ്പറിലും. പതിയെപ്പതിയെ റഡാറിൽ നിന്നും മാഞ്ഞുപോയി അദ്ദേഹം.

പക്ഷെ പ്രതീക്ഷയുടെ പുതിയ പ്രഭാകിരണമെന്നോണം, 2017 ഐപിഎലിൽ അദ്ദേഹത്തെ ഗുജറാത്ത് ലയൺസ്‌ എടുത്തു. എന്നാൽ 2 കളികളിൽ മാത്രമാണ് കളിയ്ക്കാൻ കഴിഞ്ഞത്. ഒരു വിക്കറ്റ് മാത്രം നേടി.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് സംശയമാണ്. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റിന്റെ രണ്ടാം വേൾഡ് കപ്പ് നേടിത്തന്ന ടീമിലെ ഒരംഗം എന്ന നിലയിൽ എന്നും നാമോർക്കും. അന്ന് ബൗളിംഗ് കോച്ച് എറിക് സിമ്മൺസ് പറഞ്ഞതുപോലെ, ആ വേൾഡ്കപ്പിലെ ഇന്ത്യയുടെ അൺസങ് ഹീറോയാണ് മുനാഫ് പട്ടേൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial