ജാഥവിനെ ഒഴിവാക്കിയതിനു കാരണവുമായി മുഖ്യ സെലക്ടര്‍

കേധാര്‍ ജാഥവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി എംഎസ്‍കെ പ്രസാദ്. താരത്തിന്റെ പരിക്കിന്റെ ചരിത്രമാണ് ഈ ഒരു തീരമാനത്തിനു പിന്നില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ഏഷ്യ കപ്പില്‍ പരിക്കേറ്റ താരത്തിനെ ഇന്ത്യയുടെ ഏകദിന സ്ക്വാഡിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി പരിഗണിച്ചില്ലെങ്കിലും പിന്നീട് താരം ദിയോദര്‍ ട്രോഫിയില്‍ കളിക്കുകയും അതിനാല്‍ തന്നെ സ്വാഭാവികമായി അവസാന മൂന്ന് ഏകദിനങ്ങള്‍ക്ക് ടീം പ്രഖ്യാപിച്ചപ്പോള്‍ ഇടം പിടിക്കുമെന്നും കരുതപ്പെട്ടതാണ്.

എന്നാല്‍ ഏവരെയും പോലെ താരത്തെയും ഞെട്ടിച്ചൊരു പ്രഖ്യാപനമായിരുന്നു ഇന്ത്യയുടെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. തന്നെ ഒഴിവാക്കിയതിനു കാരണമൊന്നും ബിസിസിഐയോ സെലക്ടര്‍മാരോ തന്നോട് അറിയിച്ചിട്ടില്ലെന്ന് കേധാര്‍ ജാഥവ് വ്യക്തമാക്കിയെങ്കിലും താരത്തിനുള്ള മറുപടിയുമായി എംഎസ്‍കെ പ്രസാദ് രംഗത്തെത്തുകയായിരുന്നു. അടിയ്ക്കടി പരിക്കിനു പിടിയലാവുന്ന ചരിത്രമുള്ളതിനാലാണ് താരത്തെ ഒഴിവാക്കിയതെന്നാണ് പ്രസാദിന്റെ വിശദീകരണം.

അതേ സമയം ഫിറ്റ്നെസ് വീണ്ടെടുത്ത താരത്തെ ഇന്ത്യ എ യില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിയോദര്‍ ട്രോഫിയിലും താരം മികച്ച ഫോമിലാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് താരമെന്നും പ്രസാദ് വ്യക്തമാക്കി.

Exit mobile version