
ആദ്യമായിട്ട് പേരുണ്ടാക്കിയ മോർക്കൽ, ആൽബി ആയിരുന്നു. യൂട്ടിലിറ്റി ഓൾ റൗണ്ടർ എന്ന നിലയ്ക്ക് ഇന്റർനാഷണൽ കളികളിലും, T20 ടൂർണമെന്റുകളിലും മറ്റും തന്റെ സാന്നിധ്യം അറിയിച്ചപ്പോൾ ഇളയ സഹോദരൻ തന്റെ തന്നെ പാത വെട്ടിപ്പടുക്കുകയായിരുന്നു.
ക്രിക്കറ്റ് കുടുംബമായിരുന്നു മോണെ മോർക്കലിന്റെത്. അച്ഛൻ ആൽബർട്ട്, സഹോദരന്മാരായ ആൽബിയും, മാലനും മുന്നേ തെളിയിച്ചിട്ട വഴിയിലൂടെ അവൻ നടന്നുകയറി. ഇന്നിപ്പോൾ തന്റെ വിരമിക്കൽ മത്സരത്തിന്റെ അവസാന ദിവസം നടക്കുമ്പോൾ, തന്റെ ടീമിനെ ജത്തിലേക്ക് നയിക്കാൻ നിർണായകമായ ഒരു പ്രകടനം കൂടെ നടത്താനുള്ള ബാല്യം അദ്ദേഹത്തിനുണ്ട് എന്നതിൽ തർക്കമില്ല. അതിന് ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന മൂന്നാം ടെസ്റ്റ് സാക്ഷ്യം.
2006ൽ പോചെസ്റ്റ്ഫ്രൂമിലെ ചത്ത പിച്ചിൽ ഇന്ത്യക്കാരെ വിറപ്പിച്ച പരിശീലന മത്സരത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് എതിരെയുള്ള ആ പരമ്പരയിൽ ഇടം നേടി. അങ്ങനെ അരങ്ങേറ്റം കുറിച്ച മോർക്കലിന് മുൻതൂക്കം നൽകുന്ന ഒരു ഘടകം തന്റെ പൊക്കം നിമിത്തം കിട്ടുന്ന പ്രവചനാതീതമായ ബൗൺസ് ആയിരുന്നു. അതിനൊപ്പം 140 KPHന് മുകളിൽ എറിയാനുമുള്ള കഴിവ് കാരണം പെട്ടെന്ന് തന്നെ ഇന്റർനാഷണൽ ക്രിക്കറ്റിൽ പേര് നേടിയെടുത്തു. എന്നാലും 2009 കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു സ്ഥിരമായ ടീമിലെ ഒരു സ്ഥാനത്തിന് വേണ്ടി. മഖായ എന്റിനിയുടെ വിരമിക്കൽ ഏതായാലും മോണെയ്ക്ക് നിർണായകമായി. സ്റ്റെയ്നിനൊപ്പം ന്യൂ ബോൾ എറിയാൻ അവസരം കിട്ടിയ മോണേ അവസരങ്ങൾ പാഴാക്കിയില്ല.
2010-2011 മോണെയുടെ വർഷങ്ങൾ ആയി മാറി. സ്റ്റെയ്നിനൊപ്പം വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് വേർനോൺ ഫിലാൻഡർ വന്നപ്പോൾ ടീമിലെ പേസ് അറ്റാക്ക് ഓപ്പനർ എന്നതിൽ നിന്നും ഫസ്റ്റ് ചേഞ്ച് ആയി മാറി. പക്ഷേ സ്റ്റെയ്നിന് പരിക്കുകൾ അടിക്കടി പിടികൂടിയത് കാരണം അവസാന സമയങ്ങളിൽ മോണെ പിന്നെയും ബൗളിംഗ് ഓപ്പൺ ചെയ്തിരുന്നു.
പിൽകാലത്ത് വർക് ലോഡ് ക്രമീകരിക്കാൻ വേണ്ടി ബൈലാറ്ററൽ പരമ്പരകൾക്കുളള ടീമുകളിൽ നിന്ന് മോണെയെ ഒഴിവാക്കാൻ തുടങ്ങി. എന്നാലും 2015 വേൾഡ് കപ്പിൽ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയതും മറ്റാരുമല്ല. അതിന് ഒരു കൊല്ലം മുന്നേ നടന്ന ഐപിഎൽ ടൂർണമെന്റിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും മികച്ച ബൗളർ ആയിമാറിയതും മോണെ ആയിരുന്നു.
ടീമിന്റെ നേട്ടങ്ങളിൽ പലപ്പോഴും സ്റ്റെയ്നും ഫിലാൻഡിറും ഒത്തിരി കയ്യടികൾ വാങ്ങിയപ്പോൾ അവർക്ക് തൊട്ടുപുറകിലായി മോണെയും ഉണ്ടായിരുന്നു. അർഹിക്കുന്ന കയ്യടികൾ കിട്ടിയില്ല എങ്കിലും ടീമിന്റെ വളരെ പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു മോണെ, ഒരു പടക്കുതിരയായി ഒന്നിനും തളർത്താൻ കഴിയാത്ത വീര്യവുമായി അദ്ദേഹം ഉണ്ടായിരുന്നു. ടീമിന് വിക്കറ്റ് വേണ്ടപ്പോൾ ഒക്കെ ക്യാപ്റ്റന് പ്രതീക്ഷയോടെ നോക്കാവുന്ന ഒരു മുഖം ആയിരുന്നു മോണെയുടെത് എന്ന് പറഞ്ഞാൽ തെറ്റ് പറയാനാവില്ല.
തന്റെ പൊക്കം ബൗളിങ്ങിന് എത്രത്തോളം സഹായകമായിരുന്നോ ഫീൽഡിങ്ങിൽ അത്രത്തോളം തന്നെ ബാധ്യത ആയിരുന്നു. ഇന്നത്തെ കാലത്ത് ടീമിലെ 11 കളിക്കാരും ഫാസ്റ്റ് & ഫിറ്റ് ആയിരിക്കണമെന്ന അലിഖിത നിയമമുള്ളപ്പോൾ തന്റെ ബൗളിംഗ് കാരണം മാത്രമാണ് മോണെ ടീമിൽ നിന്നത്. അത്രത്തോളം ബൗളിംഗിൽ മോണെ ടീമിന് പ്രധാനപ്പെട്ട കളിക്കാരൻ ആയിരുന്നു. [മോണെ എടുത്ത ചില ബ്ളൈൻഡറുകൾ ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല]
സ്റ്റെയ്ൻ ഇതുവരെ വിരമിച്ചിട്ടില്ല, പക്ഷേ ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന സംശയം നിലനിൽക്കുന്നു. ഫിലാൻഡറും ഇനി എത്ര കാലം കളിക്കുമെന്ന് പറയാൻ കഴിയില്ല. മോണെ പക്ഷേ അവർക്കൊക്കെ മുന്നേ തിരശീലയ്ക്ക് പുറകിലേക്ക് മറയുകയാണ്. തന്റെ കരിയറിന്റെ പാരമ്യത്തിൽ അല്ലെങ്കിൽ കൂടെ സ്വരം നന്നായിരിക്കുമ്പോൾ തന്നെയാണ് വിരമിക്കൽ. ഇന്നത്തെ കളിയിൽ ഇനിയുള്ള 7 വിക്കറ്റുകളും നേടിയാൽ ചിലപ്പോൾ മാൻ ഓഫ് ദി മാച്ച് കിട്ടിയേക്കും. അതിനേക്കാൾ ഉപരി ടീമിന്റെ വിജയം ആയിരിക്കും മോണെ മോർക്കലിന്റെ ലക്ഷ്യം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial