മോര്‍ക്കല്‍ മാജിക്, നാണംകെട്ട് ഓസ്ട്രേലിയ

ന്യൂലാന്‍ഡ്സില്‍ നാണംകെട്ട് ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സില്‍ 107 റണ്‍സിനു പുറത്തായതോടെ 322 റണ്‍സിനു പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഓസ്ട്രേലിയ. കളിക്കളത്തിലെയും പുറത്തെയും വിവാദം ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് രണ്ടാം ഇന്നിംഗ്സിലെ ഓസ്ട്രേലിയയുടെ പ്രകടനം. 57/0 എന്ന നിലയില്‍ നിന്നാണ് ഓസ്ട്രേലിയ 107 റണ്‍സിനു ഓള്‍ഔട്ട് ആയത്. മോണേ മോര്‍ക്കല്‍ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റും മത്സരത്തില്‍ 9 വിക്കറ്റുമായി തന്റെ വിടവാങ്ങല്‍ സീരീസ് അവിസ്മരണീയമാക്കുകയായിരുന്നു. തന്റെ ബൗളിംഗ് പ്രകടനത്തിനു മോര്‍ക്കലിനാണ് കളിയിലെ താരം പദവി ലഭിച്ചത്. 32 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. വിവാദ നായകന് കാമറൂണ്‍ ബാന്‍ക്രോഫ്ട് 26 റണ്‍സ് നേടി പുറത്തായി.
നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 238/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച് 373 റണ്‍സ് നേടി. 63 റണ്‍സുമായി എബിഡി വില്ലിയേഴ്സ് പുറത്തായ ശേഷം ക്വിന്റണ്‍ ഡിക്കോക്ക്(65) വെറോണ്‍ ഫിലാന്‍ഡര്‍(52*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന്റെ സ്കോര്‍ 373ല്‍ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial