കേരളത്തിനു ശക്തമായ മറുപടിയുമായി നയന്‍ മോംഗിയയുടെ മകന്‍

- Advertisement -

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 370 റണ്‍സിനു മികച്ച മറുപടിയുമായി ബറോഡ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 39 റണ്‍സ് ലീഡ് സ്വന്തമാക്കിയ ബറോഡ 409/7 എന്ന നിലയിലാണ്. മോഹിത് മോംഗിയയുടെ ഇരട്ട ശതമാണ് മൂന്നാം ദിവസത്തെ മികച്ച പ്രകടനം. 246 പന്തില്‍ നിന്ന് 240 റണ്‍സുമായി അപരാജിതമായി നില്‍ക്കുകയാണ് മോഹിത്. 25 ബൗണ്ടറിയും 9 സിക്സറും അടങ്ങിയ ഇന്നിംഗ്സാണ് മോഹിത് കാഴ്ചവെച്ചത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയുടെ മകനാണ് ബറോഡ നായകന്‍ മോഹിത് മോംഗിയ

നേരത്തെ 329/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു മൂന്നാം ദിവസം നിരാശാജനകമായ പ്രകടനമായിരുന്നു. 41 റണ്‍സ് നേടുന്നതിനിടെ ശേഷിക്കുന്ന 6 വിക്കറ്റും കേരളത്തിനു നഷ്ടമായി. ബറോഡ നിരയില്‍ നിനാദ് റാത്‍വ അഞ്ച് വിക്കറ്റ് നേടി. നായകന്‍ മോഹിത് മോംഗിയ 2 വിക്കറ്റ് നേടി.

സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് ഓപ്പണര്‍ വിഎസ് പാട്ടിലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മോഹിത് മോംഗിയ-ഉര്‍വില്‍ പട്ടേല്‍ കൂട്ടുകെട്ട് ബറോഡയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 105 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ 52 റണ്‍സ് നേടിയ ഉര്‍വില്‍ മടങ്ങി. പകരം കൂട്ടായെത്തിയ ശിവാലിക് ശര്‍മ്മയുമായി(76) മോഹിത് 173 റണ്‍സ് കൂടി ചേര്‍ത്തു. പിന്നീട് വിക്കറ്റുകള്‍ അടിക്കടി ബറോഡയ്ക്ക് നഷ്ടമായെങ്കിലും മോഹിത് തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നു.

കേരളത്തിനായി വത്സല്‍, അജിത് ജേക്കബ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement