മോയിന്‍ അലിയുടെ വെടിക്കെട്ട് ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മോയിന്‍ അലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 369 റണ്‍സ് നേടുകയായിരുന്നു. മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പടുകൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. 53 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ മോയിന്‍ അലി ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 102(57 പന്തില്‍) റണ്‍സ് നേടി പുറത്തായി.

അലക്സ് ഹെയില്‍സ്(36), ജോ റൂട്ട്(84) കൂട്ടുകെട്ടിനു 11ാം ഓവറില്‍ സ്കോര്‍ 73ല്‍ എത്തിച്ചുവെങ്കിലും ഹെയില്‍സ് പുറത്തായ അടുത്ത ഓവറില്‍ മോര്‍ഗനും(0) പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ചെറുതായി പതറി. പിന്നീട് 132 റണ്‍സ് കൂട്ടുകെട്ടുമായി ജോ റൂട്ടും-ബെന്‍ സ്റ്റോക്സും(73) ഒപ്പം കൂടി. സ്റ്റോക്സും റൂട്ടും പുറത്താകുമ്പോള്‍ 34.1 ഓവറില്‍ 217/6 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

പിന്നീടാണ് മത്സര ഗതിയെ തന്നെ മാറ്റിമറിക്കുന്ന പ്രകടനം ഇംഗ്ലണ്ടിന്റെ മോയിന്‍ അലി-ക്രിസ് വോക്സ്(34) കൂട്ടുകെട്ട് പുറത്തെടുത്തത്. 117 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ വോക്സ് പുറത്തായെങ്കിലും അലി തന്റെ ശതകത്തിലേക്ക് സിക്സറുകള്‍ പായിച്ചാണ് മോയിന്‍ അലി അടുത്തത്. 48.5 ഓവറില്‍ ആഷ്‍ലി നഴ്സിനു വിക്കറ്റ് നല്‍കുമ്പോള്‍ 102 റണ്‍സാണ് 57 പന്തില്‍ മോയിന്‍ അലി നേടിയത്. 7 ബൗണ്ടറികളും 8 സിക്സും അടങ്ങിയ ഇന്നിംഗ്സ് ആയിരുന്നു മോയിന്‍ അലിയുടെ. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 369 റണ്‍സ് നേടി.

വെസ്റ്റിന്‍ഡീസിനായി മിഗ്വല്‍ കമ്മിന്‍സ് മൂന്നും, ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വിക്കറ്റ് നേടി. ജെറോം ടെയിലര്‍, റോവ്മന്‍ പവല്‍, ആഷ്‍ലി നഴ്സ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊൽക്കത്തൻ ഡർബി വിധി എഴുതി, ഗോൾ ഡിഫറൻസിൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യൻസ്
Next articleഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തം, ഹാര്‍ദ്ദിക് പാണ്ഡ്യ മാന്‍ ഓഫ് ദി മാച്ച്