ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനു തോല്‍വിയോടെ തുടക്കം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 72 റണ്‍സ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ലീഡ്സില്‍ ഇന്നലെ നടന്ന ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ 339 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 267 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓയിന്‍ മോര്‍ഗന്‍(107), മോയിന്‍ അലി(77*), അലക്സ് ഹെയില്‍സ് എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ 339 എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ക്രിസ് മോറിസ്, ആന്‍ഡിലേ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ, വെയിന്‍ പാര്‍ണല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ക്രിസ് വോക്സിന്റെ ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ നടു ഒടിച്ചത്. തന്റെ 8 ഓവറില്‍ 38 റണ്‍സ് വഴങ്ങിയ വോക്സ് 4 വിക്കറ്റുകളാണ് നേടിയത്. ഹാഷിം അംലയാണ് (73) ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍. ഫാഫ് ഡ്യു പ്ലെസി(67), എബി ഡിവില്ലിയേഴ്സ് (45) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്(2), മോയിന്‍ അലി(2), ലിയാം പ്ലങ്കറ്റ്, മാര്‍ക് വുഡ് എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍. മോയിന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.