റെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്ക, സിംബാബ്‍വേയ്ക്ക് ചരിത്ര വിജയം ഏഴ് വിക്കറ്റ് അകലെയാണ്

ശ്രീലങ്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയമെന്ന സിംബാബ്‍വേയുടെ മോഹങ്ങള്‍ ഏഴ് വിക്കറ്റ് അകലെയാണ്. ഏകദിന പരമ്പര നഷ്ടമായതിനു പിന്നാലെ ടെസ്റ്റിലെ തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്കയ്ക്കിനി 218 റണ്‍സോ ഒരു ദിവസം പിടിച്ചു നില്‍ക്കുകയോ വേണം. 388 റണ്‍സെന്ന വിജയലക്ഷ്യം ശ്രീലങ്കയില്‍ ഇതുവരെ ആരും തന്നെ ചേസ് ചെയ്തിട്ടില്ല. ഇതിനു മുമ്പ് നേടിയ ഉയര്‍ന്ന സ്കോര്‍ 377 റണ്‍സാണ്. നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയിട്ടുള്ളത്. കുശല്‍ മെന്‍ഡിസ് (60) , ആഞ്ചലോ മാത്യൂസ് (17*) എന്നിവരാണ് ക്രീസില്‍.

252/6 എന്ന നിലയില്‍ നാലാം ദിവസം പുനരാരംഭിച്ച സിംബാബ്‍വേ 377 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയി. സിക്കന്ദര്‍ റാസ തന്റെ കന്നി ശതകം(127) സ്വന്തമാക്കിയപ്പോള്‍ ഗ്രെയിം ക്രെമര്‍ 48 റണ്‍സിന്റെ നിര്‍ണ്ണായകമായ ഇന്നിംഗ്സ് കാഴ്ചവെച്ചു. മാല്‍ക്കം വാല്ലര്‍ 68 റണ്‍സ് സ്വന്തമാക്കി. നാലാം ദിവസത്തെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ ഇന്നിംഗ്സില്‍ 6 വിക്കറ്റാണ് ഹെരാത്ത് സ്വന്തമാക്കിയത്. ദില്‍രുവന്‍ പെരേര മൂന്ന് വിക്കറ്റിനര്‍ഹനായി.

388 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നില്‍കിയത്. ഉപുല്‍ തരംഗയെ(27) സ്കോര്‍ 58ല്‍ നഷ്ടമായെങ്കിലും കുശല്‍ മെന്‍ഡിസും ദിമുത് കരുണാരത്നേ(49)യും ചേര്‍ന്ന് ശ്രീലങ്കന്‍ സ്കോര്‍ 100 കടത്തി. എന്നാല്‍ അര്‍ദ്ധ ശതകത്തിനു 1 റണ്‍സ് അകലെ കരുണാരത്നേ പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. ഏറെ വൈകാതെ ദിനേശ് ചന്ദിമലും(15) മടങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തന ദൗത്യങ്ങള്‍ കുശല്‍ മെന്‍ഡിസിലും ആഞ്ചലോ മാത്യൂസിലും വന്നു ചേര്‍ന്നു. പേശിവലിവിനെ അതിജീവിച്ചാണ് കുശല്‍ മെന്‍ഡിസ് നാലാം ദിവസം തള്ളി നീക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എൽ ഡ്രാഫ്റ്റിൽ നാലു മലയാളികൾ കൂടി, പുതുമുഖങ്ങളായി ഉബൈദും ഹക്കും
Next articleനോർത്ത് ഈസ്റ്റിന്റെ പരിശീലകനായി ദി ദിയസ്