മലയാളികളുടെ സ്വന്തം മെല്‍ബേണ്‍ ഡിസ്ട്രിക്ട്സ് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബ്

- Advertisement -

മെല്‍ബേണ്‍ ഡിസ്ട്രിക്ട്സ് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രേഡ് 3 ലീഗ് ജേതാക്കള്‍. ഈ വാര്‍ത്തയ്ക്കെന്താ പ്രാധാന്യം എന്നുള്ളതാവും ഇതിന്റെ വായനക്കാര്‍ ചിന്തിക്കുന്നത്. അങ്ങകലെ ഓസ്ട്രേലിയയില്‍ ഏതോ ടീം ജയിച്ചതിനു, അതും ഗ്രേഡ് 3 ലീഗ്, ഇത്രയും വാര്‍ത്താ പ്രാധാന്യത്തിന്റെ ആവശ്യമുണ്ടോ എന്ന ചിന്ത മാറ്റി വെച്ച് ഇത് തുടര്‍ന്ന് വായിക്കുക. ഓസ്ട്രേലിയയെ വെറും ഒരു ടീമല്ല മെല്‍ബേണ്‍ ഡിസ്ട്രിക്ട്സ് യുണൈറ്റഡ്. 95 ശതമാനം ഇന്ത്യക്കാര്‍(അതില്‍ 90 ശതമാനത്തോളം മലയാളികള്‍ ) അടങ്ങിയ ഒരു ഡിസ്ട്രിക്ട് ക്ലബ്ബാണ് എംഡിയു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്യന്‍സ് എന്ന പേരില്‍ തുടങ്ങിയ ക്ലബ്ബ്, ഓസ്ട്രേലിയയിലെ നിയമകുരുക്കുകള്‍ കാരണം പേര് മാറ്റി മെല്‍ബേണ്‍ ഡിസ്ട്രിക്ട്സ് യുണൈറ്റഡ് എന്നാക്കുകയായിരുന്നു. ഓസ്ട്രേലിയക്കാരും, ശ്രീലങ്കക്കാരും അടങ്ങിയതാണ് ഈ മലയാളി ക്ലബ്ബിന്റെ സവിശേഷത.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രേഡ് 4 ചാംപ്യന്മാരായാണ് എംഡിയു ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഗ്രേഡ് 3ല്‍ അഞ്ചാം സ്ഥാനത്ത് മാത്രം എത്താനെ അവര്‍ക്കായുള്ളുവെങ്കിലും രണ്ടാം സീസണില്‍ തന്നെ അവര്‍ ചാമ്പ്യന്മാരായാണ് തിരിച്ചെത്തിയത്. 14 മത്സരങ്ങളില്‍ 11 എണ്ണം ജയിച്ച എംഡിയു 69 പോയിന്റുകളോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചു. ഒരു മത്സരം ടൈ ആയപ്പോള്‍ 2 മത്സരങ്ങളില്‍ മാത്രമാണവര്‍ തോല്‍വി ഏറ്റു വാങ്ങിയത്.

ഫൈനല്‍ മത്സരത്തില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികള്‍ അടങ്ങിയ മെല്‍ബേണ്‍ ഈഗിള്‍സിനെയാണ് അവര്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ ഡിസ്ട്രിക്ട്സ് യുണൈറ്റഡ് 50 ഓവറില്‍ 212/9 റണ്‍സ് നേടി. വര്‍ഗീസ് തോമസ്(40), ടോം ക്രുസാപ്പന്‍(31), അല്ലെന്‍ രാജ്(27) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍. എന്നാല്‍ മത്സരത്തില്‍ വ്യക്തമായ ആധിപത്യമാണ് എംഡിയു ബൗളര്‍മാര്‍ പുലര്‍ത്തിയത്. 6 വിക്കറ്റ് വീഴ്ത്തിയ ജിത്തു ടിട്ടിയും, 2 വിക്കറ്റ് നേടിയ ബിആര്‍ പട്ടേലും ചേര്‍ന്ന് ഈഗിള്‍സിനെ 101 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

ടീമിലെ ഏക ഗുജറാത്തി താരം ബിആര്‍ പട്ടേലാണ് സീസണിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രേഡ് 3യിലെ ഏറ്റവും ഉയര്‍ന്ന സ്കോറര്‍ ആണ് പട്ടേല്‍. 16 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സാണ് എംഡിയുവിനു വേണ്ടി ഇദ്ദേഹം സ്വന്തമാക്കിയത്.

Advertisement