പരാജയം തുടര്‍ക്കഥയായി പാക്കിസ്ഥാന്‍

@Getty Images
- Advertisement -

ടെസ്റ്റ് പരമ്പരയിലെ തോല്‍വികള്‍ ഏകദിനത്തിലും പാക്കിസ്ഥാനെ വിടാതെ പിന്തുടര്‍ന്നപ്പോള്‍ ബ്രിസ്ബെയിനില്‍ ഇന്ന് നടന്ന ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 92 റണ്‍സ് വിജയം. 269 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 176 റണ്‍സിനു ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 78/5 എന്ന നിലയിലേക്ക് ഓസ്ട്രേലിയയെ വരിഞ്ഞു കെട്ടിയെങ്കിലും ആ പ്രകടനം തുടരാനാകാതെ ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുവാന്‍ പാക് ബൗളര്‍മാര്‍ അനുവദിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ മാക്സ്വെല്‍ , മാത്യൂ വെയിഡ് ചേര്‍ന്ന് നേടിയ കൂട്ടുകെട്ടും വെയിഡ് നേടിയ തന്റെ കന്നി ശതകവുമാണ് ഓസ്ട്രേലിയയെ മെച്ചപ്പെട്ട സ്കോര്‍ നേടുവാന്‍ സഹായിച്ചത്. നിശ്ചിത 50 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 268 റണ്‍സ് നേടിയപ്പോള്‍ 100 റണ്‍സ് നേടിയ വെയിഡ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും തുടരെയുള്ള പന്തുകളില്‍ മുഹമ്മദ് അമീര്‍ പുറത്താക്കിയപ്പോള്‍ ബിഗ് ബാഷിലെ തന്റെ ഫോം ക്രിസ് ലിന്നിനു ഏകദിനത്തില്‍ പുറത്തെടുക്കാനായില്ല. 16 റണ്‍സ് നേടിയ ലിന്നിനും ട്രാവിസ് ഹെഡ്ഡിനു(39) പുറകെ മിച്ചല്‍ മാര്‍ഷും(4) പുറത്തായപ്പോള്‍ 78 റണ്‍സിനു ഓസ്ട്രേലിയയുടെ പകുതി ടീം പവലിയനിലേക്ക് എത്തിയിരുന്നു.

ആറാം വിക്കറ്റില്‍ മാത്യു വെയിഡും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് നേടിയ 82 റണ്‍സാണ് ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയത്. 60 റണ്‍സ് നേടിയ മാക്സ്വെല്‍ പുറത്തായെങ്കിലും വെയിഡ് തന്റെ ആദ്യ ശതകം പൂര്‍ത്തിയാക്കി മികച്ച സ്കോറിലേക്ക് ടീമിനെ കൊണ്ടെത്തിക്കുകയായിരുന്നു. ഹസ്സന്‍ അലി മൂന്നു മുഹമ്മദ് അമീര്‍, ഇമാദ് വസീം എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പാക് ചേസിംഗിനു തടയിട്ട് ബൗളര്‍മാരുടെ പ്രകടനമാണ് ചെറിയ സ്കോര്‍ പ്രതിരോധിക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. നാല് വിക്കറ്റുമായി ജെയിംസ് ഫോക്നര്‍, മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കുമ്മിന്‍സ് എന്നിവര്‍ക്ക് മികച്ച പിന്തുണയാണ് മിച്ചല്‍ സ്റ്റാര്‍ക്കും(2) മിച്ചല്‍ മാര്‍ഷും(1) നല്‍കിയത്. പാക് നിരയില്‍ ബാബര്‍ അസം(33) ആണ് ടോപ് സ്കോറര്‍. ഇമാദ് വസിം(29), അസ്ഹര്‍ അലി(24), മുഹമ്മദ് റിസ്വാന്‍(21) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.

Advertisement