
ഹാമിള്ട്ടണ് മസകഡ്സയുടെ ശതകത്തിന്റെയും തരിസായി മുസ്കാന്‍ഡ, ഷോണ്‍ വില്യംസ് എന്നിവരുടെ ബാറ്റിംഗ് മികവിന്റെയും പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി സിംബാബ്വേ. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് സിംബാബ്വേ നേടിയത്. 111 റണ്‍സ് നേടിയ മസകഡ്സയുടെ ബാറ്റിംഗ് ശ്രീലങ്കന്‍ ബൗളര്‍മാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. യഥേഷ്ടം ബൗണ്ടറി കണ്ടെത്തിയ ഹാമിള്ട്ടണ് വനിഡു ഹസരംഗയുടെ പന്തില്‍ സ്പീപ് ഷോട്ടിനു ശ്രമിച്ചാണ് പുറത്തായത്.
തരിസായി(48), ഷോണ്‍ വില്യംസ്(43) എന്നിവരുടെ സംഭാവനയും സിംബാബ്വേയ്ക്ക് ഏറെ നിര്‍ണ്ണായകമായിരുന്നു. ഇരുവരെയും പുറത്താക്കിയത് ഗുണരത്നേ ആയിരുന്നു. 350 നു മേല്‍ സ്കോര്‍ ചെയ്യുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചുവെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ ബൗളര്‍മാര്‍ സിംബാബ്വേയെ 310 റണ്‍സിലേക്ക് ചുരുക്കി.
ശ്രീലങ്കയ്ക്കായി ഹസരംഗ, ഗുണരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ലസിത് മലിംഗ്, നുവാന്‍ പ്രദീപ്, ലക്ഷന്‍ സണ്ടകന് എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial