മാര്‍ക്രത്തിന്റെ പ്രതിരോധം തകര്‍ത്ത് മിച്ചല്‍ മാര്‍ഷ്, കൈപ്പിടിയകലെ വിജയവുമായി ഓസ്ട്രേലിയ

- Advertisement -

എയ്ഡന്‍ മാര്‍ക്രം നടത്തിയ ചെറുത്തുനില്പിന്റെ ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഡര്‍ബനില്‍ ജയമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷയെ തകര്‍ത്തെറിഞ്ഞ മിച്ചല്‍ മാര്‍ഷ്. അഞ്ച് ആറ് വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ത്യൂണിസ് ഡി ബ്രൂയിന്‍, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരോട് കൂടി നടത്തിയ രക്ഷാപ്രവര്‍ത്തനം ദക്ഷിണാഫ്രിക്കയെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. എന്നാല്‍ 77ാം ഓവറിന്റെ ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ മിച്ചല്‍ മാര്‍ഷ് പുറത്താക്കിയപ്പോള്‍ പിന്നീട് വാലറ്റത്തെ തുടച്ച് നീക്കുക എന്ന കൃത്യം സ്റ്റാര്‍ക്ക് അനായാസം നടത്തി. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 293/9 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 124 റണ്‍സ് കൂടി നേടേണ്ടപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ലക്ഷ്യം ഒരു വിക്കറ്റ് അകലെയാണ്.

283/5 എന്ന നിലയില്‍ നിന്ന് നാല് ഓവറുകളുടെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ന്നടിഞ്ഞത്. 80ാം ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് രണ്ടാം പന്തില്‍ ഫിലാണ്ടറെയും അഞ്ച് ആറ് പന്തുകളില്‍ കേശവ് മഹാരാജിനെയും കാഗിസോ റബാഡയെയും മടക്കിയയച്ചു. എയ്ഡന്‍ മാര്‍ക്രം പുറത്താകുമ്പോള്‍ 143 റണ്‍സാണ് നേടിയത്.

നേരത്തെ 49/4 എന്ന നിലയിലേക്ക് വീണ ആതിഥേയരെ ത്യൂണിസ് ഡി ബ്രൂയിന്‍(36)-മാര്‍ക്രം കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ 136 എന്ന സ്കോറിലേക്ക് എത്തിച്ചിരുന്നു. ഓസ്ട്രേലിയന്‍ നിരയില്‍ സ്റ്റാര്‍ക്ക് നാലും ഹാസല്‍വുഡ് രണ്ടും വിക്കറ്റാണ് നേടിയത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement