
ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൊയ്ത് ഇന്ത്യ. മനീഷ് പാണ്ഡേ പുറത്താകാതെ നേടിയ 93 റണ്‍സാണ് മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിനു നിര്‍ണ്ണായകമായത്. ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും അര്‍ദ്ധ ശതകം നേടി. ദക്ഷിണാഫ്രിക്ക എ ടീം നേടിയ 266 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹെന്റിച്ച് ക്ലാസന് നേടിയ ശതകത്തിന്റെയും വില്ലേം മള്‍ഡര്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെയും പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 266 റണ്‍സ് നേടുകയായിരുന്നു. മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 48.2 ഓവറില്‍ ആതിഥേയര്‍ ഓള്‍ഔട്ടായി. 65/5 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ക്ലാസന്(127), മള്‍ഡര്‍(66) എന്നിവരുടെ ഇന്നിംഗ്സുകളായിരുന്നു. ഇന്ത്യയ്ക്കായി ശര്ദ്ധുള് താക്കൂര്‍ നാലും, സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നും വിക്കറ്റ് നേടി.
267 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മികച്ചതായിരുന്നില്ല. 15 റണ്‍സ് എടുക്കുന്നതിനിടയില്‍ ശ്രേയസ് അയ്യരും(9), വിജയ് ശങ്കറും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യയെ കരകയറ്റിയത് സഞ്ജുവും ഋഷഭ് പന്തും(23) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. പിന്നീട് മനീഷ് പാണ്ഡേയുമായി ചേര്‍ന്ന് ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ച സഞ്ജു(66) പുറത്തായപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 129 റണ്‍സായിരുന്നു. മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിലും മനീഷ് പാണ്ഡേയുടെ ഒറ്റയാള്‍ പോരാട്ടം ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ ഒരു റണ്‍സ് തേടി ഇറങ്ങിയ ഇന്ത്യയ്ക്കായി നാലാം പന്തില്‍ മുഹമ്മദ് സിറാജ് വിജയ റണ്‍ നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡാല, തബ്രൈസ് ഷംസി എന്നിവര്‍ മൂന്ന് വിക്കറ്റും ആരോണ്‍ ഫാംഗിസോ രണ്ട് വിക്കറ്റും വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial