
ആദ്യമേറ്റ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ എവിന്‍ ലൂയിസിനൊപ്പം വെസ്റ്റിന്‍ഡീസ് മധ്യനിരയും ചേര്‍ന്നപ്പോള്‍ കെന്നിംഗ്ടണ്‍ ഓവലിലെ നാലാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ഒരു ഘട്ടത്തില്‍ 33/3 എന്ന നിലയില്‍ നിന്നാണ് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ 356 റണ്‍സ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ അര്‍ദ്ധ ശതകവും എവിന്‍ ലൂയിസ് തന്റെ ഏകദിന കരിയറിലെ രണ്ടാം ശതകവും സ്വന്തമാക്കി.
നാലാം പന്തില്‍ ക്രിസ് ഗെയിലിനെ(2) നഷ്ടമായ വെസ്റ്റിന്‍ഡീസിനു തുടരെ തിരിച്ചടികള്‍ നല്‍കിയത് ഇംഗ്ലീഷ് പേസ് ബൗളര്‍ ക്രിസ് വോക്സ് ആയിരുന്നു. ആദ്യം വീണ മൂന്ന് വിക്കറ്റുകളും വോക്സ് തന്നെയാണ് സ്വന്തമാക്കിയത്. ഷായി ഹോപ്(11), മര്‍ലന്‍ സാമുവല്‍സ്(1) എന്നിവരെ നഷ്ടപ്പെട്ട വെസ്റ്റിന്‍ഡീസ് 33/3 എന്ന നിലയിലായിരുന്നു.
പിന്നീട് ക്രീസിലെത്തിയ ജേസണ്‍ മുഹമ്മദുമായി(46) ചേര്‍ന്ന് ലൂയിസ് 117 റണ്‍സ് നേടുകയായിരുന്നു നാലാം വിക്കറ്റില്‍. ജേസണ്‍ മുഹമ്മദ് പുറത്താകുമ്പോള്‍ 28.2 ഓവറില്‍ 150 റണ്‍സ് എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ ജേസണ്‍ ഹോള്‍ഡറും – എവിന്‍ ലൂയിസും ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ തച്ച് തകര്‍ക്കുകയായിരുന്നു.
ഏകദിനത്തിലെ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കിയ ലൂയിസ് ഹോള്‍ഡറുമായി ചേര്‍ന്ന് വെസ്റ്റിന്‍ഡീസിന്റെ അഞ്ചാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 130 പന്തില്‍ നിന്നാണ് 176 റണ്‍സ് നേടിയ താരം 47ാം ഓവറില്‍ പരിക്കേറ്റാണ് കളത്തില്‍ നിന്ന് മടങ്ങിയത്. ഇന്നിംഗ്സില്‍ 17 ബൗണ്ടറികളും 7 സിക്സറും ലൂയിസ് സ്വന്തമാക്കി. പരിക്കേറ്റ് പുറത്താകുമ്പോള്‍ ലൂയിസ് നായകന് ഹോള്‍ഡറുമായി ചേര്‍ന്ന് 168 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി.
ജേസണ്‍ ഹോള്‍ഡര്‍ 62 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 4 സിക്സറും സഹിതം 77 റണ്‍സ് നേടി ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായി. റോവ്മന്‍ പവല്‍ 15 പന്തില്‍ നിന്ന് 28 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി വോക്സിനു(3) പുറമേ ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial