
അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ സെഷനുകളില്‍ അധികം പ്രഭാവമുണ്ടാക്കുവാന് സാധിക്കാതിരുന്ന അഫ്ഗാന് ബൗളര്‍മാര്‍ അവസാന സെഷനില്‍ വിക്കറ്റുകളുമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. മികച്ച നിലയിലായിരുന്ന ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 280/1 എന്ന നിലയില്‍ നിന്ന് 4 റണ്‍സ് നേടുന്നതിനിടെ നിലയുറപ്പിച്ച രണ്ട് ബാറ്റ്സ്മാന്മാരെ നഷ്ടമായത് അഫ്ഗാനിസ്ഥാന് പ്രതീക്ഷ നല്കി. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 347 റണ്‍സാണ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയിട്ടുള്ളത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(10*), രവിചന്ദ്രന്‍ അശ്വിന്(7*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.
ആദ്യ സെഷനില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പൂര്‍ണ്ണമായ ആധിപത്യമാണ് ഇന്ന് കണ്ടത്. ആദ്യ സെഷനില്‍ തന്നെ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശിഖര്‍ ധവാന്റെ മികവില്‍ ഇന്ത്യ 158 റണ്‍സാണ് ലഞ്ചിനു നേടിയത്. ലഞ്ചിനു ശേഷം ധവാനെ(107) നഷ്ടമായെങ്കിലും മുരളി വിജയും കെഎല്‍ രാഹുലും തങ്ങളുടെ മേധാവിത്വം തുടര്‍ന്നു.
ഇടയ്ക്ക് രണ്ട് തവണ മഴ കളി മുടക്കിയ ശേഷം മുരളി വിജയ് തന്റെ ശതകം പൂര്‍ത്തിയാക്കി. ശതകം പൂര്‍ത്തിയാക്കി ഏറെ വൈകാതെ വഫാദാറിനു വിക്കറ്റ് നല്കി വിജയ് മടങ്ങി. 105 റണ്‍സാണ് താരം സ്വന്തമാക്കിയത്. തൊട്ടടുത്ത ഓവറില്‍ അര്‍ദ്ധ ശതകം നേടിയ കെഎല്‍ രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 54 റണ്‍സാണ് രാഹുല്‍ നേടിയത്.
അജിങ്ക്യ രഹാനെയെ(10) റഷീദ് ഖാന് പുറത്താക്കിയപ്പോള്‍ ചേതേശ്വര്‍ പുജാരയുടെ(35) ചെറുത്ത്നില്പ് മുജീബ് റഹ്മാന് അവസാനിപ്പിച്ചു. യമീന് അഹമ്മദ്സായി രണ്ട് വിക്കറ്റ് നേടി. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിക്കറ്റും യമീനിന്റെ പേരിലായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial