
8 ഓവറില്‍ 62 റണ്‍സ് നേടി മികച്ച തുടക്കം നല്കിയ ഓപ്പണര്‍മാരുടെ മടക്കത്തിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനു 167 റണ്‍സ്. 8 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഈ സ്കോര്‍ അഫ്ഗാനിസ്ഥാന് നേടിയത്. അവസാന അഞ്ചോവറില്‍ നിന്ന് 71 റണ്‍സാണ് അഫ്ഗാനിസ്ഥാന് താരങ്ങള്‍ നേടിയത്. സമിയുള്ള ഷെന്‍വാരിയുടെയും ഷഫീക്കുള്ള ഷഫീക്കിന്റെയും സംഭാവനകള്‍ ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നു. ഇതില്‍ അവസാന മൂന്നോവറില്‍ നിന്ന് 52 റണ്‍സും നേടി ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കാന്‍ അഫ്ഗാനിസ്ഥാനായി.
86/1 എന്ന നിലയില്‍ നിന്ന് 91/4 എന്ന നിലയിലേക്ക് 5 റണ്‍സിനിടെ 3 വിക്കറ്റ് അഫ്ഗാനിസ്ഥാനു നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ നായകന് അസ്ഗര്‍ സ്റ്റാനിക്സായിയുടെയും സമിയുള്ള ഷെന്‍വാരിയുടെ മികവില്‍ 44 റണ്‍സ് നേടുകയായിരുന്നു.
ഷെന്‍വാരി 18 പന്തില്‍ 3 സിക്സും 3 ബൗണ്ടറിയും സഹിതം 36 റണ്‍സ് നേടി അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന് ഇന്നിംഗ്സിനു വേഗത നല്കി. ഉസ്മാന് ഗനി(26), മുഹമ്മദ് ഷെഹ്സാദ്(40) എന്നിവര്‍ നല്കിയ തുടക്കത്തിനു ശേഷം അഫ്ഗാനിസ്ഥാന് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മത്സരത്തില്‍ മുന്‍തൂക്കം കളയുകയായിരുന്നു.
അവസാന ഓവറുകളില്‍ ഷഫീക്കുള്ള ഷഫീക്കിന്റെ വെടിക്കെട്ട് ബാറ്റിംഗും ചേര്‍ന്നപ്പോള്‍ ടീമിന്റെ സ്കോര്‍ 150 കടന്നു. അവസാന ഓവറില്‍ അബു ഹസനെ തുടരെ രണ്ട് സിക്സുകള്‍ക്ക് പറത്തിയ ശേഷം അടുത്ത പന്തില്‍ ഷഫീക്ക് പുറത്താകുമ്പോള്‍ 8 പന്തില്‍ 24 റണ്‍സാണ് താരം നേടിയത്.
അഫ്ഗാന് നായകന് സ്റ്റാനിക്സായി അവസാന ഓവറില്‍ റണ്ണൗട്ടായപ്പോള്‍ തൊട്ടുത്ത പന്തില്‍ കരീം ജനത്തും പുറത്തായി. 25 റണ്‍സാണ് സ്റ്റാനിക്സായിയുടെ സംഭാവന. അവസാന പന്തില്‍ സിക്സര്‍ പറത്തി റഷീദ് ഖാന് ടീം സ്കോര്‍ 167ല്‍ എത്തിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial