നാലാം ഏകദിനത്തില്‍ ശ്രീലങ്കയെ ലസിത് മലിംഗ് നയിക്കും

ചാമര കപുഗേധര പരിക്കേറ്റ് പുറത്തായതിനാല്‍ ശ്രീലങ്കയെ നാലാം ഏകദിനത്തില്‍ നയിക്കുക ലസിത് മലിംഗ്. 2014ല്‍ ശ്രീലങ്കയെ ലോക ടി20 കിരീടത്തിലേക്ക് നയിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് ലസിത് മലിംഗയ്ക്കായിരുന്നു. നിലവില്‍ 299 ഏകദിന വിക്കറ്റുകള്‍ക്ക് ഉടമയായിട്ടുള്ള മലിംഗയ്ക്ക് തന്റെ 300ാം ഏകദിന വിക്കറ്റ് അടുത്ത മത്സരത്തില്‍ നേടുവാന്‍ ആയാല്‍ അത് ഇരട്ടി മധുരമാവും.

ഏകദിന പരമ്പരയില്‍ തന്റെ പഴയ പ്രതാപത്തിന്റെ ഏഴയലത്ത് പോലും എത്തുവാന്‍ മലിംഗയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ടീം നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന നിലയിലാണ് ഈ പദവി ഇപ്പോള്‍ മലിംഗയ്ക്ക് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയുടെ യഥാര്‍ത്ഥ നായകന്‍ ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് വന്നപ്പോളാണ് പകരം ചാമര കപുഗേധരയ്ക്ക് ക്യാപ്റ്റന്‍സി ചുമതല നല്‍കുവാന്‍ ശ്രീലങ്ക തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ കപുഗേധരയെയും പരിക്ക് പിടികൂടുകയായിരുന്നു. നേരത്തെ പരമ്പരയില്‍ ടീമിലേക്ക് തിരികെയെത്തിയ ടെസ്റ്റ് നായകന്‍ ദിനേശ് ചന്ദിമലും പരിക്കേറ്റ് പിന്മാറിയിരുന്നു.

കപുഗേധരയെ പൂര്‍ണ്ണമായും മാച്ച് ഫിറ്റ് അല്ല എന്ന് വിധിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം കാര്യങ്ങള്‍ കുഴങ്ങി മറിയാതിരിക്കാനാണ് മലിംഗയെ ഇപ്പോള്‍ തന്നെ ക്യാപ്റ്റന്‍സി ചുമതലയേല്പിച്ചിരിക്കുന്നതെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ പുറത്ത് വിടുന്ന സൂചനകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്കേറ്റ് ജോഷ് ഹാസല്‍വുഡ്, ബംഗ്ലാദേശ് പരമ്പരയില്‍ ഇനി ഇല്ല
Next articleകോപ്പയിൽ ബ്രസീലിനെ വിറപ്പിച്ച, യൂറോപ്പ ലീഗിൽ ഹാട്രിക്ക് നേടിയ മികു ഇനി ബെംഗളൂരുവിൽ