5 ഓവര്‍ മത്സരത്തില്‍ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ പിന്തള്ളി കൊളംബോ കിംഗ്സ്

മഴ മൂലം അഞ്ചോവറായി ചുരുക്കിയ ലങ്ക പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ മികച്ച വിജയവുമായി കൊളംബോ കിംഗ്സ്. 19 പന്തില്‍ 65 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനൊപ്പം പത്ത് പന്തില്‍ 21 റണ്‍സുമായി ലൗറി ഇവാന്‍സും ഒപ്പം കൂടിയപ്പോള്‍ 5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് കൊളംബോ നേടിയത്.

Andrerussell

മറുപടി ബാറ്റിംഗിനിറങ്ങിയ ഗോള്‍ ഗ്ലാഡിയേറ്റേഴ്സ് 2 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയത്. 15 പന്തില്‍ 30 റണ്‍സുമായി ധനുഷ്ക ഗുണതിലക പുറത്താകാതെ നിന്നുവെങ്കിലും വേഗത്തിലുള്ള സ്കോറിംഗ് മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ 34 റണ്‍സിന്റെ തോല്‍വി ടീം വാങ്ങി. ഷഹീദ് അഫ്രീദി 6 പന്തില്‍ 12 റണ്‍സും അസം ഖാന്‍ മൂന്ന് പന്തില്‍ 10 റണ്‍സും നേടി.

ഡാംബുല്ല വൈക്കിംഗ്സിന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 4 റണ്‍സ് വിജയം

ലങ്ക പ്രീമിയര്‍ ലീഗില്‍ മഴ തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ കാന്‍ഡി ടസ്കേഴ്സിനെതിരെ 4 റണ്‍സിന്റെ വിജം നേടി ഡാംബുല്ല വൈക്കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 195/4 എന്ന മികച്ച സ്കോറാണ് നേടിയത്. ദസുന്‍ ഷനക(73), സമിത് പട്ടേല്‍(58) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ഡാംബുല്ലയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. 37 പന്തില്‍ നിന്ന് ഷനക 73 റണ്‍സ് നേടിയപ്പോള്‍ സമിത് പട്ടേല്‍ 38 പന്തില്‍ നിന്നാണ് 58 റണ്‍സ് നേടിയത്. ടസ്കേഴ്സിന് വേണ്ടി നവീന്‍ ഉള്‍ ഹക്ക്, അസേല ഗുണരത്നേ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാന്‍ഡി 9.4 ഓവറില്‍ 84/3 എന്ന നിലയില്‍ എത്തിയപ്പോളാണ് മത്സരം മഴ തടസ്സപ്പെടുത്തിയത്. 88 റണ്‍സായിരുന്നു 9.4 ഓവറില്‍ ടീം നേടേണ്ടിയിരുന്നത്. 18 പന്തില്‍ 30 റണ്‍സ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും 26 പന്തില്‍ 34 റണ്‍സുമായി കുശല്‍ മെന്‍ഡിസും മികച്ച രീതിയില്‍ ടസ്കേഴ്സിനെ മുന്നോട്ട് നീക്കിയെങ്കിലും ജയം 4 റണ്‍സിന് അകലെയായി മഴ തസ്കേഴ്സില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ മറികടന്ന് ജാഫ്ന സ്റ്റാലിയന്‍സ്

അവിഷ്ക ഫെര്‍ണാണ്ടോയുട ബാറ്റിംഗ് മികവില്‍ ജാഫ്ന സ്റ്റാലിയന്‍സിന് മികച്ച വിജയം. ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിര 8 വിക്കറ്റ് വിജയമാണ് ടീം ഇന്ന് നേടിയത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ജാഫ്നയ്ക്ക് വേണ്ടി പുറത്താകാതെ 92 റണ്‍സ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനമാണ് വേറിട്ട് നിന്നത്. ഷൊയ്ബ് മാലിക് 27 റണ്‍സുമായി താരത്തിന് പിന്തുണ നല്‍കിയപ്പോള്‍ ജാഫ്ന 2 വിക്കറ്റ് നഷ്ടത്തില്‍ 19.3 ഓവറില്‍ വിജയം കരസ്ഥമാക്കി.

23 പന്തില്‍ 58 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഗോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയത്. ഗുണതിലക 38 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ ഡുവാന്നേ ഒളിവിയര്‍ നാല് വിക്കറ്റുമായി ജാഫ്ന ബൗളര്‍മാരില്‍ തിളങ്ങി.

ലങ്ക പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍, കാന്‍ഡി തസ്കേഴ്സിനെതിരെ വിജയം നേടി കൊളംബോ കിംഗ്സ്

219 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ കാന്‍ഡി തസ്കേഴ്സ് മത്സരം കീശയിലാക്കിയെന്നാണ് കരുതിയതെങ്കിലും അതേ സ്കോര്‍ നേടി കൊളംബോ കിംഗ്സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയും സൂപ്പര്‍ ഓവറില്‍ വിജയം കരസ്ഥമാക്കുകയും ചെയ്തപ്പോള്‍ ലങ്ക പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരം തന്നെ ആവേശക്കൊടുമുടിയിലായി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കൊളംബോയ്ക്ക് ഉഡാനയെ ആദ്യം തന്നെ നഷ്ടമായെങ്കിലും ആന്‍ഡ്രേ റസ്സലും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് 16 റണ്‍സിലേക്ക് ടീമിനെ എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കാന്‍ഡിയ്ക്ക് 12 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇസ്രു ഉഡാനയാണ് ഓവര്‍ എറിഞ്ഞത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡി തസ്കേഴ്സ് കുശല്‍ പെരേര(52 പന്തില്‍ 53), റഹ്മാനുള്ള ഗുര്‍ബാസ്(22 പന്തില്‍ 53), കുശല്‍ മെന്‍ഡിസ്(30), അസേല ഗുണരത്നേ(33*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊളംബോയ്ക്കായി ടോപ് ഓര്‍ഡറില്‍ ദിനേശ് ചന്ദിമല്‍ ആണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 46 പന്തില്‍ 80 റണ്‍സ് നേടിയ താരം പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീഴുന്നതാണ് കണ്ടത്. ആന്‍ഡ്രേ റസ്സലും (13 പന്തില്‍ 24) പുറത്തായതോടെ കൊളംബോയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കുവാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന കൊളംബോയ്ക്ക് വേണ്ടി അസേല ഗുണരത്നേയുടെ ഓവറില്‍ 19 റണ്‍സ് നേടി ഇസ്രു ഉഡാനയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്. 12 പന്തില്‍ നിന്ന് 34 റണ്‍സാണ് ഉഡാന നേടിയത്. അതേ സമയം താരത്തിന്റെ സ്കോര്‍ 2ല്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് കൈവിട്ട കുശല്‍ മെന്‍ഡിസിന്റെ പിഴവ് കാന്‍ഡി തസ്കേഴ്സിന്റെ വലിയ തിരിച്ചടിയായി മാറി. 7 വിക്കറ്റ് നഷ്ടത്തില്‍ കൊളംബോ കിംഗ്സ് 219 റണ്‍സിലേക്ക് എത്തിയത്.

കാന്‍ഡിയ്ക്ക് വേണ്ടി നുവാന്‍ പ്രദീപും നവീന്‍-ഉള്‍-ഹക്കും രണ്ട് വീതം വിക്കറ്റ് നേടി.

 

ലങ്ക പ്രീമിയർ ലീഗ്: ഡെയ്ൽ സ്റ്റെയ്ൻ കാൻഡി ടസ്‌കേഴ്‌സിൽ

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ലങ്ക പ്രീമിയർ ലീഗ് ക്ലബായ കാൻഡി ടസ്കേഴ്സിൽ കളിക്കും. വരുന്ന വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെന്റിൽ താരം കളിക്കുന്ന വിവരം കാൻഡി ടസ്‌കേഴ്‌സ് തന്നെയാണ് അറിയിച്ചത്. സിംബാബ്‌വെ താരം ബ്രെണ്ടൻ ടെയ്‌ലറും കാൻഡി ടസ്കേഴ്സിന് വേണ്ടി കളിക്കുമെന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കൊളംബോ കിങ്‌സ് ആണ് കാൻഡി ടസ്‌കേഴ്‌സി എതിരാളികൾ.

കഴിഞ്ഞ ദിവസം പരിക്ക് മൂലം സൂപ്പർ താരം ക്രിസ് ഗെയ്‌ലും കൊറോണ വൈറസ് ബാധ മൂലം പാകിസ്ഥാൻ താരം സുഹൈൽ തൻവീറും ടീമിൽ നിന്ന് പുറത്തുപോയിരുന്നു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സുഹൈൽ തൻവീർ 14 ദിവസത്തെ ക്വറന്റൈൻ പൂത്തിയാക്കിയതിന് ശേഷം മാത്രമാവും ടീമിലേക്ക് തിരികെ വരുക. സുഹൈൽ തൻവീറിന് പകരക്കാരനായിട്ടാണ് ഡെയ്ൽ സ്റ്റെയ്ൻ കാൻഡി ടസ്‌കേഴ്‌സിൽ എത്തുന്നത്. എന്നാൽ താരത്തിന് കാൻഡി ടസ്‌കേഴ്‌സിന്റെ ആദ്യ മത്സരങ്ങൾ ക്വറന്റൈൻ മൂലം നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

സര്‍ഫ്രാസ് പിന്മാറി, ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി

ലങ്ക പ്രീമിയര്‍ ലീഗ് ടീം ആയ ഗോള്‍ ഗ്ലോഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി ചുമതലയേല്‍ക്കും. നേരത്തെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സര്‍ഫ്രാസ് അഹമ്മദ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

ന്യൂസിലാണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്റെ സ്ക്വാഡില്‍ സര്‍ഫ്രാസിനെ ഉള്‍പ്പെടുത്തിയതിനാലാണ് താരം ലങ്ക പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയത്.

ലങ്ക പ്രീമിയർ ലീഗ് പ്രതിസന്ധിയിൽ, ഗെയ്ലിന് പിന്നാലെ കൂടുതൽ താരങ്ങൾ പിന്മാറി

ലങ്ക പ്രീമിയർ ലീഗിലെ ആദ്യ സീസൺ തുടങ്ങും മുമ്പ് തന്നെ ലീഗ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്ന് രാവിലെ ലീഗിൽ നിന്ന് ഗെയിൽ പിന്മാറുന്നതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്ന് താരങ്ങൾ കൂടെ ലീഗിന് ഉണ്ടാവില്ല എന്ന് അറിയിച്ചിരിക്കുകയാണ്‌. ഗെയ്ല് കളിക്കേണ്ടിയിരുന്ന ക്ലബായ കാൻഡി ടസ്കേഴ്സിൽ നിന്ന് ഇന്ന് ഇംഗ്ലീഷ് പേസ് ബൗളർ പ്ലങ്കറ്റും പിന്മാറിയതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

രണ്ട് പേരും എന്തിനാണ് മാറിനിക്കുന്നത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശ്രീലങ്കയുടെ ഇതിഹാസ ട്വി20 ബൗളർ മലിങയും ടൂർണമെന്റൽ നിന്ന് പിന്മാറി. ടൂർണമെന്റിൽ ആവശ്യത്തിന് പരിശീലനം നടത്താൻ സമയം കിട്ടിയില്ല എന്നത്കൊണ്ടാണ് മലിംഗ ലീഗ് ഉപേക്ഷിച്ചത്. ഗല്ലെ ഗ്ലാഡിയ്യെറ്റേഴ്സിനായിരുന്നു മലിംഗ കളിക്കേണ്ടിയിരുന്നത്. ഇത് കൂടാതെ പാകിസ്താൻ താരം സർഫറാസ് അഹമ്മദും ലീഗ് ഉപേക്ഷിച്ചു. ഗ്ലാഡിയറ്റേഴ്സിനി വേണ്ടി ആയിരുന്നു സർഫറാസും കളിക്കേണ്ടിയുരുന്നത്

പ്രഥമ ലങ്കൻ പ്രീമിയർ ലീഗ് തന്നെ ഇതോടെ അനിശ്ചിത്വത്തിൽ ആയി. ആറ് ടീമുകൾ ഉള്ള ലീഗ് നവംബർ 26നാണ് ആരംഭിക്കേണ്ടത്.

ലങ്ക പ്രീമിയർ ലീഗിൽ നിന്ന് ഗെയ്ല് പിന്മാറി

ഐ പി എല്ലിൽ എല്ലാവരെയും ത്രില്ലടിപ്പിച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിസ് ഗെയ്ല് പക്ഷെ ലങ്ക പ്രീമിയർ ലീഗിൽ കളിക്കില്ല. താരവും ഗെയ്ല് കളിക്കേണ്ടിയിരുന്ന ക്ലബായ കാൻഡി ടസ്കേഴ്സും ഗെയ്ല് ടൂർണമെന്റിന് ഉണ്ടാകില്ല എന്ന് ഔദ്യോഗികമായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഗെയ്ല് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. പ്രഥമ ലങ്കൻ പ്രീമിയർ ലീഗിൽ ഇത് ടസ്കേഴ്സിന് വലിയ തിരിച്ചടിയായി മാറും.

ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ എന്നിവർ കളിക്കുന്ന ടീം ആണ് കാൻഡി ടസ്കേഴ്സ്. കുശാൽ പെരേര, പ്ലങ്കറ്റ് എന്നിവരും ടസ്കേഴ്സ് ടീമിൽ ഉണ്ട്. ആറ് ടീമുകൾ ഉള്ള ലീഗ് നവംബർ 26നാണ് ആരംഭിക്കുന്നത്

ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗില്‍, കാന്‍ഡി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിയ്ക്കും

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗിലേക്ക്. കാന്‍ഡി ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസിയുടെ വിദേശ സൈനിംഗില്‍ ഒരാളായാണ് താരം ലങ്കയിലേക്ക് പറക്കുന്നത്. ടീമിന്റെ ഐക്കണ്‍ താരമായ ക്രിസ് ഗെയിലിനൊപ്പമാവും പത്താന് കളിക്കാനാകുക.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഇര്‍ഫാന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ടീം ഉടമ സൊഹൈല്‍ ഖാന്‍ വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 13 വരെയാണ് ലങ്ക പ്രീമിയര്‍ ലീഗ് നടക്കുക. അഞ്ച് ഫ്രാഞ്ചൈസികളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.

15 ദിവസത്തെ ദൈര്‍ഘ്യത്തില്‍ 23 മത്സരങ്ങളാണ് ഈ അഞ്ച് ടീമുകള്‍ രണ്ട് വേദികളിലായി കളിക്കുക. കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുല്ല, ജാഫ്ന എന്നിവയാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികള്‍. ഡിസംബര്‍ 13ന് ആണ് ഫൈനല്‍ നടക്കുക. ഡിസംബര്‍ 14 റിസര്‍വ് തീയ്യതിയായും നിശ്ചയിച്ചിട്ടുണ്ട്.

ഹമ്പന്‍ടോട്ടയിലെ മഹീന്ദ രാജപക്സ അന്താരാഷ്ട്ര സ്റ്റേഡിയവും കാന്‍ഡിയിലെ പല്ലികേലെ അന്താരാഷ്ട്ര സ്റ്റേഡിയവുമാണ് ടൂര്‍ണ്ണമെന്റിന്റെ വേദികള്‍.

ലങ്ക പ്രീമിയര്‍ ലീഗ് തീയ്യതിയില്‍ പിന്നെയും മാറ്റം

നവംബര്‍ 14ന് ആരംഭിക്കേണ്ടിയിരുന്ന ലങ്ക പ്രീമിയര്‍ ലീഗ് 21ലേക്ക് മാറ്റി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന്‍ കാലം താരങ്ങള്‍ക്ക് പാലിക്കുവാന്‍ വേണ്ടിയാണ് ഈ നീക്കം. ഐപിഎലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കും പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഈ മാറ്റം. ഇത് കൂടാതെ ഒക്ടോബര്‍ 1ന് നടക്കാനിരുന്ന പ്ലേയര്‍ ഡ്രാഫ്ട് ഒക്ടോബര്‍ 9 ലേക്ക് മാറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് പിന്നീട് കൊറോണയുടെ സാഹചര്യം പരിഗണിച്ചാണ് ഈ നവംബര്‍ 14ലിലേക്ക് മാറ്റിയത്. മൂന്ന് അന്താരാഷ്ട്ര വേദികളിലായാണ് എല്‍പിഎല്‍ നടക്കുക.

ലങ്ക പ്രീമിയര്‍ ലീഗിലേക്ക് തങ്ങളുടെ താരങ്ങളെ വിടില്ല, നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് താരങ്ങള്‍ക്ക് ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാനാകില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. പ്രാദേശിക ക്രിക്കറ്റില്‍ തങ്ങളുടെ താരങ്ങള്‍ തിരക്കായിരിക്കുമെന്നും അതിനാല്‍ തന്നെ ലങ്ക പ്രീമിയര്‍ ലീഗിലേക്ക് താരങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ്.

പ്രധാനമായും ഷാക്കിബിന്റെ വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് ലങ്ക പ്രീമിയര്‍ ലീഗിലാവും നടക്കുകയെന്നാണ് കരുതിയതെങ്കിലും ബോര്‍ഡിന്റെ ഈ തീരുമാനത്തോടെ കാര്യങ്ങള്‍ താരത്തിന് അവതാളത്തിലാവും. ഒക്ടോബര്‍ 1ന് നടക്കാനിരിക്കുന്ന ലേലത്തില്‍ 150 താരങ്ങളാണ് പങ്കെടുക്കുന്നത്.

നവംബര്‍ 14 മുതല്‍ ഡിസംബര്‍ 6 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്‍കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ് ഷാക്കിബ് ലങ്ക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 1നാണ് ലേലം നടക്കുക. ടൂര്‍ണ്ണമെന്റ് നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് നടക്കുക. അഞ്ച് ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ 23 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ ഉണ്ടാകുക. ഏഷ്യന്‍ കറപ്ഷന്‍ യൂണിറ്റിനോട് സംസാരിച്ച ശേഷമാണ് താരത്തിന്റെ പേര് ലേലത്തില്‍ ചേര്‍ത്തതെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമ്മുദ്ദീന്‍ ചൗധരി പറയുന്നത്.

ഒക്ടോബര്‍ അവസാനം ആണ് ഷാക്കിബിന്റെ വിലക്ക് അവസാനിക്കുന്നത്. ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്ന സമയത്തേക്ക് താരത്തിന്റെ വിലക്ക് മാറുമെന്നതിനാല്‍ തന്നെ ഇത് അത്ര വിഷയമുള്ള കാര്യമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വ്യക്തമാക്കി.

Exit mobile version