
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനിത് യശ്ശസുയര്‍ത്തുന്ന വിജയം. 17 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ലീഡ്സ് ടെസ്റ്റില്‍ ആതിഥേയര്‍ക്കെതിരെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി പരമ്പര 1-1നു സമനിലയിലാക്കാനും വെസ്റ്റിന്‍ഡീസിനു സാധിച്ചിട്ടുണ്ട്. ഇരു ഇന്നിംഗ്സുകളിലും ശതകം സ്വന്തമാക്കിയ(147, 118*) ഷായി ഹോപ്പാണ് മത്സരത്തിലെ താരം.
ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ച് പരമ്പരയില്‍ സമനില നേടുകയാണ് വെസ്റ്റിന്‍ഡീസ്. ആദ്യ ടെസ്റ്റില്‍ എഡ്ജ്ബാസ്റ്റണില് നാണക്കേട് തീര്‍ത്ത പ്രകടനത്തിനു ശേഷം മുന്‍ താരങ്ങളുടെ ശകാരവര്‍ഷം കേട്ടതിനു ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ലീഡ്സ് ടെസ്റ്റിലെ അഞ്ചാം ദിവസത്തില്‍ ചരിത്ര നേട്ടത്തിലേക്ക് ബാറ്റ് വീശിയത്. 322 റണ്‍സ് ചേസ് ചെയ്ത വെസ്റ്റിന്‍ഡീസിനായി ക്രെയിഗ് ബ്രാത്വൈറ്റ്, ഷായി ഹോപ് എന്നിവരുടെ ഇന്നിംഗ്സുകളാണ് വിധി നിര്‍ണ്ണയിച്ചത്. ഒപ്പം റോഷ്ടണ്‍ ചേസ്, ജര്മൈന് ബ്ലാക്ക്വുഡ് എന്നിവര്‍ നേടിയ റണ്ണുകളും നിര്‍ണ്ണായകമായി.
5/0 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍ പടയ്ക്ക് കീറന്‍ പവലിനെയാണ്(23) ആദ്യം നഷ്ടമായത്. ഏതാനും ഓവറുകള്‍ക്ക് ശേഷം റണ്ണെടുക്കാതെ കൈല്‍ ഹോപ് റണ്‍ഔട്ട് ആയപ്പോള്‍ വെസ്റ്റിന്‍ഡീസ് നില പരുങ്ങലിലായി. എന്നാല്‍ പിന്നീട് ആതിഥേയരുടെ ക്ഷമ പരീക്ഷിക്കുന്ന കൂട്ടുകെട്ടാണ് ബ്രാത്വൈറ്റ്-ഷായി ഹോപ് സഖ്യം പുറത്തെടുത്തത്.

മൂന്നാം വിക്കറ്റില്‍ നേടിയ 144 റണ്‍സ് മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ വെസ്റ്റിന്‍ഡീസിനെ സഹായിക്കുന്ന ഒന്നായിരുന്നു. തന്റെ അര്‍ഹമായ ശതകത്തിനു 5 റണ്‍സ് അകലെ മോയിന്‍ അലിയ്ക്ക് വിക്കറ്റ് നല്കി ബ്രാത്വൈറ്റ് മടങ്ങിയെങ്കിലും റോഷ്ടണ്‍ ചേസ് ഷായി ഹോപ്പിനു മികച്ച പിന്തുണ നല്കി. 30 റണ്‍സ് നേടിയ ചേസ് പുറത്താകുമ്പോള്‍ വിജയം 75 റണ്‍സ് അകലെയായിരുന്നു സന്ദര്‍ശകര്‍ക്ക്. 49 റണ്‍സാണ് ചേസ്-ഹോപ് സഖ്യം നാലാം വിക്കറ്റില്‍ നേടിയത്.
ജെര്മൈന് ബ്ലാക്ക്വുഡ്-ഹോപ് സഖ്യത്തിനായിരുന്നു പിന്നീട് ചേസിംഗ് മുന്നോട്ട് കൊണ്ടു പോകുവാനുള്ള ദൗത്യം ലഭിച്ചത്. ഇതിനിടെ ഹോപ് തന്റെ ശതകം സ്വന്തമാക്കിയിരുന്നു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷായി ഹോപ്(118*), ജര്മൈന് ബ്ലാക്ക്വുഡ്(41) എന്നിവര്‍ 74 റണ്‍സാണ് നേടിയത്. വിജയത്തിനു 2 റണ്‍സ് അകലെ വെച്ച് ബ്ലാക്ക്വുഡ് മോയിന്‍ അലിയ്ക്ക് വിക്കറ്റ് നല്കി മടങ്ങി. 91.2 ഓവറില്‍ 322 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് പരമ്പര സമനിലയിലാക്കിയത്.
സ്കോര്‍
ഇംഗ്ലണ്ട്: 258, 490/8 ഡിക്ലയേര്‍ഡ്
വെസ്റ്റിന്‍ഡീസ്: 427, 322/5
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial