ഇരട്ട ഹാട്രിക്കുമായി ബൗളര്‍മാര്‍ വിജയമൊരുക്കി, ബെല്‍ഗാവി പാന്തേഴ്സ് ഫൈനലില്‍

കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആദ്യ ഹാട്രിക് (ഒരേ മത്സരത്തില്‍ രണ്ട് ഹാട്രിക്ക് ഉണ്ടായി)  കണ്ട മത്സരത്തില്‍ 14 റണ്‍സ് വിജയം സ്വന്തമാക്കി ബെല്‍ഗാവി പാന്തേഴ്സ്. ഹൂബ്ലി ടൈഗേഴ്സിനെയാണ് ഇന്നലെ നടന്ന ആദ്യ സെമിയില്‍ പാന്തേഴ്സ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ബെല്‍ഗാവി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടിയപ്പോള്‍ 15 ഓവറാക്കി ചുരുക്കിയ രണ്ടാം ഇന്നിംഗ്സിലെ ലക്ഷ്യമായ 113 റണ്‍സ് പിന്തുടര്‍ന്ന ഹൂബ്ലിയ്ക്ക് 98 റണ്‍സ് മാത്രമേ നേടാനായുള്ളു. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ ആദ്യ ഹാട്രിക് നേടിയ ആനന്ദ് ആണ് മത്സരത്തിലെ താരം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബെല്‍ഗാവിയ്ക്കായി ഭരത്-സ്റ്റാലിന്‍ ഹൂവര്‍ കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 94 റണ്‍സ് നേടിയ സഖ്യത്തില്‍ സ്റ്റാലിന്‍ 67 റണ്‍സ് നേടിയപ്പോള്‍ ഭരത് 62 റണ്‍സ് നേടി. 42 പന്തില്‍ 11 ബൗണ്ടറിയോടു കൂടിയാണ് ഹൂവറിന്റെ സ്കോറിംഗ്. ക്രാന്തി കുമാര്‍ രണ്ട് വിക്കറ്റുമായി ഹൂബ്ലി ബൗളര്‍മാരില്‍ തിളങ്ങി.

മഴ മൂലം 15 ഓവറില്‍ 113 റണ്‍സായി ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ മികച്ചൊരു തുടക്കം ഹൂബ്ലിക്ക് ലഭിച്ചില്ല. വിനയ് കുമാറിന്റെ ഒറ്റയാള്‍ പോരാട്ടത്തിനടയിലും വിക്കറ്റുകള്‍ വീണപ്പോള്‍ ഹൂബ്ലിയുടെ ശ്രമങ്ങള്‍ വിഫലമായി. 34 പന്തില്‍ 41 റണ്‍സ് നേടിയ വിനയ് കുമാര്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും ഹൂബ്ലി 14.5 ഓവറില്‍ 98 റണ്‍സിനു ഓള്‍ഔട്ടായി.

മത്സരത്തില്‍ രണ്ട് ഹാട്രിക്ക് നേട്ടങ്ങളുമായി ആനന്ദ് ദൊഡാമണി, അവിനാശ് എന്നിവരാണ് ഹൂബ്ലിയുടെ നടുവൊടിച്ചത്. 13ാം ഓവറില്‍ ആനന്ദും അവസാന ഓവറില്‍ അവിനാശും ഹാട്രിക്ക് നേട്ടം കൊയ്തു. മത്സരത്തില്‍ അവിനാശ് 4 വിക്കറ്റും ആനന്ദ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial