താഹ തകര്‍ത്തു, ബിജാപ്പുര്‍ ബുള്‍സിനു 4 വിക്കറ്റ് ജയം

ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും തന്റെ വെടിക്കെട്ട് തുടര്‍ന്ന മുഹമ്മദ് താഹയുടെ ബാറ്റിംഗ് മികവില്‍ ഹൂബ്ലി ടൈഗേഴ്സിനെ വീഴ്ത്തി 4 വിക്കറ്റ് ജയവുമായി ബിജാപ്പുര്‍ ബുള്‍സ്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയപ്പോള്‍ 18.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കാന്‍ ബുള്‍സിനായി. താഹ തന്നെയാണ് കളിയിലെ താരവും.

മയാംഗ് അഗര്‍വാല്‍(33), കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ്(34) എന്നിവര്‍ക്ക് പിന്തുണയായി ക്രാന്തി കുമാര്‍(27), സ്വപ്നില്‍ യേലാവേ(23) എന്നിവരും ചേര്‍ന്നുവെങ്കിലും ആര്‍ക്കും തന്നെ ലഭിച്ച തുടക്കം മികച്ച സ്കോറിലേക്ക് ഉയര്‍ത്താനാകാതെ പോയത് ടൈഗേഴ്സിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തുന്നതില്‍ നിന്ന് തടയുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബുള്‍സ് ബൗളര്‍മാര്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. നവീന്‍ എംജി, രോനിത് മോര്‍ എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിമന്യു മിഥുന്‍, കെസി കരിയപ്പ, പൃഥ്വി ശേഖാവത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

160 റണ്‍സ് ലക്ഷ്യവുായി ഇറങ്ങിയ ബുള്‍സ് ഒരു ഘട്ടത്തില്‍ 54/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നിധീഷുമായി (29) ചേര്‍ന്ന് നേടിയ 78 റണ്‍സാണ് മത്സരഗതി ബുള്‍സിനു അനുകൂലമാക്കി മാറ്റിയത്. 15.2 ഓവറില്‍ പുറത്താകുമ്പോള്‍ ടീം സ്കോര്‍ 132 ആക്കി ഉയര്‍ത്താന്‍ ഈ കൂട്ടുകെട്ടിനു സാധിച്ചു. 45 പന്തില്‍ നിന്ന് 9 സിക്സും 4 ബൗണ്ടറിയും സഹിതം താഹ 83 റണ്‍സാണ് നേടിയത്. പിന്നീട് നിധീഷും വിക്കറ്റ് കീപ്പര്‍ കിരണും ചേര്‍ന്ന് ടീമിനെ വിജയത്തിനോടടുപ്പിച്ചു. നിധീഷ് പുറത്തായെങ്കിലും കിരണ്‍ 20 റണ്‍സുമായി പുറത്താകാതെ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു.

ഹൂബ്ലിയുടെ അഭിഷേക് സാകുജ 4 വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാരില്‍ നിന്ന് പ്രതീക്ഷ പിന്തുണ ലഭിക്കാതെ വന്നത് ഹൂബ്ലി ടൈഗേഴ്സിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപൂനെയേ വീഴ്ത്തി ബെംഗളൂരു ബുള്‍സ്
Next articleഅർഹിച്ച വിജയം അവസാന നിമിഷം ജയം കൈവിട്ട് ഇന്ത്യ