മൈസൂരുവിനെതിരെ ബെല്ലാരി തസ്കേഴ്സിനു 5 വിക്കറ്റ് ജയം

സുനീല്‍ രാജു പുറത്താകാതെ നേടി 78 റണ്‍സിനും മൈസൂരു വാരിയേഴ്സിനെ വിജയത്തിലേക്ക് നയിക്കാനായില്ല. സുനീലിന്റെ മികവല്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മൈസൂരൂ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കേ ബെല്ലാരി തസ്കേഴ്സ് സ്വന്തമാക്കി. മത്സരത്തില്‍ 5 വിക്കറ്റ് വിജയം നേടിയ ബെല്ലാരിക്ക് വേണ്ടി സിഎം ഗൗതം(45*), അഭിനവ് മനോഹര്‍(47) എന്നിവരാണ് തിളങ്ങിയത്. അഭിനവ് മനോഹര്‍ ആണ് മത്സരത്തിലെ താരം.

മൈസൂരുവിന്റെ രക്ഷയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ എത്തിയത് സുനീലിന്റെ ഇന്നിംഗ്സ് ആയിരുന്നു. പത്താം ഓവറില്‍ 53/3 എന്ന നിലയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ടീമിനെ അവസാന 10 ഓവറില്‍ നൂറിനടുത്ത് റണ്‍സ് കണ്ടെത്താന്‍ സഹായിച്ചത് രാജുവിന്റെ ഇന്നിംഗ്സ് ആയിരുന്നു. 51 പന്തില്‍ നിന്നാണ് സുനീല്‍ തന്റെ 78 റണ്‍സ് നേടിയത്. അര്‍ജ്ജുന്‍ ഹോയ്സാല(23) ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍.

തസ്കേഴ്സിനായി സഹൂര്‍ ഫറൂക്കി, അമിത് വര്‍മ്മ എന്നിവര്‍ രണ്ടും അനില്‍, പ്രതീക് ജൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

19.3 ഓവറില്‍ 163 റണ്‍സ് നേടിയ ബെല്ലാരി 5 വിക്കറ്റാണ് ഇതിനായി കളഞ്ഞത്. കെബി പവന്‍(26), അമിത് വര്‍മ്മ(27) കൂട്ടുകെട്ട് നല്‍കിയ അടിത്തറ മുതലാക്കി ഗൗതം, അഭിനവ് കൂട്ടുകെട്ട് ടീമിനെ അര്‍ഹമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രേയസ് ഗോപാല്‍ മൈസൂരുവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാട്ടില്‍ കാലിടറി ഹരിയാന, ടൈറ്റന്‍സിനു മികച്ച ജയം
Next articleപാലസ് വീണ്ടും തോറ്റു, ന്യൂ കാസിൽ ജയിച്ചു