ബ്ലാസ്റ്റേഴ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി ബിജാപ്പൂര്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിജാപ്പൂരിനു ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പിന്നീട് മഴ മൂലം മത്സരം 9 ഓവറായി ചുരുക്കിയപ്പോള്‍ പിന്തുടരേണ്ട ലക്ഷ്യമായ 66 റണ്‍സിനു ഒരു റണ്‍സ് അകലെ ബെംഗളൂരൂ ബ്ലാസ്റ്റേഴ്സ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ആവേശകരമായ വിജയം സ്വന്തമാക്കി ബിജാപ്പൂര്‍ ബുള്‍സ്. അവസാന രണ്ടോവറില്‍ 14 റണ്‍സ് മാത്രം വേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്സിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളു. അഞ്ചാം പന്തില്‍ വിക്കറ്റ് നേടിയതാണ് ബിജാപ്പൂരിനു തുണയായത്. 9 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് മാത്രമേ ബ്ലാസ്റ്റേഴ്സിനു നേടാനായുള്ളു. അഭിമന്യു മിഥുന്‍ ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ബിജാപ്പൂര്‍ ബുള്‍സിന്റെ ബാറ്റ്സ്മാന്മാര്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. 36 റണ്‍സ് നേടിയ ദിക്ഷാന്‍ഷു നേഗി ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റൊരു ബാറ്റ്സ്മാനും 15നു മേലുള്ള സ്കോര്‍ നേടാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് മത്സരം തങ്ങള്‍ക്കനുകൂലമാക്കുകയായിരുന്നു ആദ്യ പകുതിയില്‍. കൗശിക്, പ്രണവ് ഭാട്ടിയ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി ബ്ലാസ്റ്റേഴ്സ് നിരയില്‍ തിളങ്ങി. 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് ബിജാപ്പൂര്‍ നേടിയത്.

ഇടവേളയ്ക്ക് ശേഷം മഴയെത്തിയപ്പോള്‍ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനക്രമീകരിക്കുകയായിരുന്നു. 9 ഓവറില്‍ 66 എന്ന ലക്ഷ്യം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു രവികുമാര്‍ സമര്‍ത്ഥിനെ(5) ആദ്യമേ നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ വിശ്വനാഥന്‍ ടീമിനെ ശിശിര്‍ ഭവാനെയുടെ സഹായത്തോടെ വിജയത്തിലേക്ക് നയിക്കുമന്ന് തോന്നിപ്പിച്ചു. 35 റണ്‍സ് നേടി വിശ്വനാഥന്‍ പുറത്താകാതെ നിന്നപ്പോള്‍ മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ശിശിര്‍ പുറത്തായത്(12) ടീമിനു തിരിച്ചടിയായി.

അഭിമന്യു മിഥുന്‍, ശരത് എന്നിവരാണ് ബുള്‍സിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുംബൈയെ വീഴ്ത്തി സച്ചിന്‍
Next articleഒടുവിൽ ബോർണ്മൗത് ജയിച്ചു