ഒന്നാം ദിനം റണ്ണുകളാല്‍ സമൃദ്ധം

- Advertisement -

ഫിറോസ് ഷാ കോട്‍ല ടെസ്റ്റിന്റെ ആദ്യ ദിനം റണ്ണടിച്ച് കൂട്ടി ഇന്ത്യ. വിരാട് കോഹ്‍ലിയും, മുരളി വിജയും ശതകങ്ങള്‍ തികച്ച മത്സരത്തില്‍ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ 371/4 എന്ന നിലയിലാണ്. നിരാശാജനകമായ രണ്ടാം സെഷനു ശേഷം ദിവസം അവസാനിക്കുന്നതിനു തൊട്ട് മുമ്പ് ലക്ഷന്‍ സണ്ടകന്‍ ആണ് ശ്രീലങ്കയ്ക്ക് ആശ്വാസമായി 2 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 156 റണ്‍സുമായി കോഹ്‍ലിയും 6 റണ്‍സ് നേടി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.

283 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കോഹ്‍ലിയും മുരളി വിജയും ചേര്‍ന്ന് നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 245/2 എന്ന നിലയിലായിരുന്നു. ചായയ്ക്ക് ശേഷം തന്റെ ശതകം തികച്ച കോഹ്‍ലിയും മുരളി വിജയും ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളര്‍മാരെ അനായാസം നേരിടുകയായിരുന്നു. 155 റണ്‍സ് നേടിയ മുരളി വിജയെ സണ്ടകന്റെ പന്തില്‍ നിരോഷന്‍ ഡിക്ക്വെല്ല സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തന്റെ അടുത്ത ഓവറില്‍ സമാനമായ രീതിയില്‍ അജിങ്ക്യ രഹാനയെയും പുറത്താക്കി സണ്ടകന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. ലഹിരു ഗമാഗേ, ദില്‍രുവന്‍ പെരേര എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement