കോഹ്‍ലിയ്ക്കും പുജാരയ്ക്കും ശതകം, ഇന്ത്യ ശക്തമായ നിലയില്‍

വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടിയ വിരാട് കോഹ്‍ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഗൗതം ഗംഭീറിനു പകരം ടീമിലെത്തിയ കെഎല്‍ രാഹുല്‍ പൂജ്യത്തിനു പുറത്തായത് ഇന്ത്യന്‍ തുടക്കത്തിനു തിരിച്ചടിയായി. 5 പന്തുകളില്‍ കളിച്ച രാഹുല്‍ സ്ലിപ്പില്‍ ക്യാച് നല്‍കി പുറത്താകുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു ആദ്യ വിക്കറ്റ്. മുരളി വിജയ് 21 പന്തില്‍ നാല് ബൗണ്ടറികളുടെ പിന്തുണയോടെ 20 റണ്‍സ് അതിവേഗത്തില്‍ നേടിയെങ്കിലും ജെയിംസ് ആന്‍ഡേഴ്സണിനു വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്നങ്ങോട്ട് ഇന്ത്യയുടെ ആധിപത്യമാണ് ഒന്നാം ദിവസം മുഴുവന്‍ കണ്ടത്. മൂന്നാം വിക്കറ്റില്‍ കോഹ്‍ലിയും പൂജാരയും ചേര്‍ന്ന് നേടിയ 226 റണ്‍സ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം നല്‍കുകയായിരുന്നു.

ഇംഗ്ലണ്ടിനു ചില അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അത് മുതലാക്കാനവര്‍ക്കായില്ല, ഇന്ത്യന്‍ നായകനെ 56ല്‍ പുറത്താക്കുവാനുള്ള അവസരം ആദില്‍ റഷീദ് നഷ്ടപ്പെടുത്തുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ ജെയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ മികച്ച് നിന്നത്. മുരളി വിജയ്(20), പുജാര(119), അജിങ്ക്യ രഹാനെ(23) എന്നിവരുടെ വിക്കറ്റ് ആന്‍ഡേഴ്സണ്‍ നേടിയപ്പോള്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റ് സ്വന്തമാക്കിയത് സ്റ്റുവര്‍ട് ബ്രോഡാണ്. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ അശ്വിന്‍ ആണ് കോഹ്‍ലിയുടെ കൂട്ടായി ക്രീസിലുള്ളത്.

ഇന്ത്യയുടെ ജയന്ത് യാദവ് തന്റെ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും വിശാഖപട്ടണം ടെസ്റ്റിനുണ്ട്.

മത്സരത്തിനിടെ @VizagDog (ഗ്രൗണ്ടില്‍ കയറിയ നായയ്ക്ക് ആരോ ഉണ്ടാക്കിയ ട്വിറ്റര്‍ ഹാന്‍ഡില്‍) ചായയ്ക്ക് മുമ്പ് കളി അല്പ നേരം തടസ്സപ്പെടുത്തിയിരുന്നു. മത്സരം തടസ്സപ്പെട്ടത് കാരണം ചായയ്ക്കായി ഇന്നിംഗ്സ് നേരത്തെ പിരിയുകയായിരുന്നു.