മുന്നൂറാം ഏകദിന വിക്കറ്റുമായി മലിംഗ, വീഴ്ത്തിയത് സാക്ഷാല്‍ കോഹ്‍ലിയെ

പരിക്കുകള്‍ക്കും വിവാദങ്ങള്‍ക്കും തകര്‍ച്ചയ്ക്കുമിടയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റിനു ആശ്വസിക്കാനായി ഒരു വാര്‍ത്ത. അവരുടെ ഇന്നത്തെ ക്യാപ്റ്റനും പേസ് ബൗളറുമായ മലിംഗയുടെ 300ാം ഏകദിന വിക്കറ്റ് നേട്ടമെന്ന വാര്‍ത്ത ഈ പ്രതിസന്ധി ഘട്ടത്തിലും ശ്രീലങ്കന്‍ ആരാധകര്‍ക്ക് ആശ്വസിക്കുവാനുള്ള വാര്‍ത്ത. വിരാട് കോഹ്‍ലിയെ പുറത്താക്കി തന്റെ 300ാം ഏകദിന വിക്കറ്റ് നേടിയ ലസിത് മലിംഗയുടെ ആ അസുലഭ നിമിഷമാണ് ഇന്ന് ക്രിക്കറ്റ് ലോകത്തിനും ശ്രീലങ്കന്‍ ആരാധകര്‍ക്കും ആഘോഷിക്കുവാനുള്ള നിമിഷമായി മാറിയത്.

പരമ്പരയിലെ പതിവു കാഴ്ച പോലെതന്നെ ഇന്ത്യയുടെ കുതിപ്പ് തന്നെയാണ് ഇന്നും ക്രിക്കറ്റ് കാണാനെത്തിയവരെ കാത്തിരുന്നത്. ശിഖര്‍ ധവാന്‍ വേഗം പുറത്തായെങ്കിലും പരമ്പരയില്‍ ഫോം വീണ്ടെടുത്ത കോഹ്‍ലിയുടെ താണ്ഡവമാണ് പിന്നീട് കണ്ടത്, കൂട്ടിനു രോഹിത് ശര്‍മ്മയും. 30ല്‍ താഴെ ഓവറില്‍ 200 കടന്ന ഇന്ത്യ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 219 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടി മുന്നേറിയ സഖ്യത്തെ വീഴ്ത്താന്‍ ശ്രീലങ്കയുടെ താല്‍ക്കാലിക നായകന്‍ തന്നെ വേണ്ടി വന്നു. 30ാം ഓവറിലെ മൂന്നാം പന്തില്‍ ദില്‍ഷന്‍ മുനവേരയുടെ കൈയ്യില്‍ വിരാട് കോഹ്‍ലിയെ എത്തിക്കുമ്പോള്‍ തന്റെ 300ാം വിക്കറ്റിലേക്കാണ് മലിംഗ എത്തിയത്. അതും വിരാട് കോഹ്‍ലി എന്ന ചാമ്പ്യന്‍ ബാറ്റ്സ്മാന്‍. 96 പന്തില്‍ നിന്ന് 131 റണ്‍സ് നേടിയാണ് കോഹ്‍ലി പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെയ്മറിന്റെ നേതൃത്വത്തിൽ ബ്രസീൽ ഇക്വഡോറിനെതിരെ
Next articleഏഷ്യാകപ്പ് യോഗ്യത; ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്ന് അനസ് മാത്രം