റണ്‍ ചേസിന്റെ രാജാക്കന്മാര്‍?

Pic: Reuters

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ഗാലറിയിൽ കാണികളുടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ പ്രകാശിച്ചു. ഇന്ത്യയി­­ൽ ഇന്ന് നടക്കുന്ന ഡേ-നൈറ്റ് മത്സരങ്ങളിൽ പതിവായി കാണുന്ന ഒരു കാഴ്ച്ച. പക്ഷേ ആ പ്രകാശമൊന്നും കുറച്ച് അകലെയുള്ള ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിലേക്ക് വ്യാപിച്ചില്ല. അവിടെ അന്ധകാരം നിറയുകയായിരുന്നു. 351­­ എന്ന പടുകൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യൻ ടീം 63/­­4 എന്ന നിലയിൽ തകർന്നുകിടക്കുന്നു. മിക­­ച്ച ബാറ്റ്സ്മാൻമാരെല്ലാം­­ കൂടാരത്തിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. ഇനി ഇറങ്ങാനുള്ളത് ആകർഷകമായ ബാറ്റിംഗ് റെക്കോർഡുകൾ അവകാശപ്പെടാനില്ലാത്ത­­ ഹർദ്ദിക്ക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ആർ.അശ്വിനും മാത്രം. എന്നാലും ഇന്ത്യ തന്നെ ഈ മത്സരം ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒറ്റ ആളേ ഈ ലോകത്ത് ഉണ്ടായിരുന്നുള്ളൂ. അയാൾ ഇന്ത്യയ്ക്കു വേണ്ടി പതിനെട്ടാം നമ്പർ ജഴ്സി അണിഞ്ഞ് ബാറ്റ് ചെയ്യുകയായിരുന്നു. അതെ,വിരാട് കോഹ്ലി! ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിലും ആരാധകമനസ്സുകളിലും വ്യാപിച്ച കൂരിരുട്ടിന് ആശ്വാസമേകിയത് ഇന്ത്യൻ ക്യാപ്റ്റൻ എന്ന പ്രകാശനാളമായിരുന്നു.­­…!

പക്ഷേ മുന്നിലുണ്ടായിരുന്നത് ഒറ്റയ്ക്ക് ജയിക്കാവുന്ന അങ്കമായിരുന്നില്ല. ഒരു കൂട്ടാളി നിർബന്ധം. ആ ദൗത്യം നിർവ്വഹിക്കാൻ മഹാരാഷ്ട്രക്കാരൻ തന്നെയായ ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു­­. കേദാർ ജാദവ്. പിന്തുണക്കാരനാ­യി ഒതുങ്ങിക്കൂടുമെന്ന് കരുതിയ ജാദവ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന അവിശ്വസനീയമായ കാഴ്ച്ചയാണ് പിന്നീട് കണ്ടത് !

ഹൊറിസോണ്ടൽ ബാറ്റ് ഷോട്ടുകളോടുള്ള ജാദവിൻ്റെ കമ്പം ഇംഗ്ലണ്ടുകാർ വേദനയോടെ അനുഭവിച്ചറിഞ്ഞു. പേസിനും സ്പിന്നിനും എതിരെ ഒന്നാന്തരം കട്ടുകളും പുള്ളുകളും. 141 കി.മി വേഗത്തിൽ പാഞ്ഞെത്തിയ സ്റ്റോക്സിൻ്റെ പന്തിനെ കൗ കോർണറിലൂടെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ച ഫ്ലിക്ക്, മോയിൻ അലിയ്ക്കെതിരെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിന് തൊട്ടടുത്ത് വെച്ച് കളിച്ച ലെയ്റ്റ് കട്ട്. കേവലം 66 പന്തുകളിൽ സെഞ്ച്വറി !

എല്ലാം മാറ്റിനിർത്താം. റഷീദി­നെതിരെ എക്സ്ട്രാ കവറിനു മുകളിലൂടെ അടിച്ച ആ സിക്സർ-അതെങ്ങനെ മറക്കും? കളിക്കാൻ ഏറ്റവും പ്രയാസമുള്ള ഷോട്ടാണത്. കളിച്ചത് മികച്ച ഒരു പന്തിലും. വിശ്വസിക്കൂ­. റഷീദ് എറിഞ്ഞത് ഒരു മോശം പന്തായിരുന്നില്ല. ക്രിക്കറ്റ് ഒരുപാട് കളിക്കുകയും കാണുകയും ചെയ്ത നാസർ ഹുസെയ്നാണ് സാക്ഷ്യപ്പെടുത്തുന്ന­ത്…

വിരാട്! അയാളെക്കുറിച്ച് എന്താണ് എഴുതേണ്ടത്? ഒാഫ്സൈഡിൽ ഫീൽഡർമാരെ കുത്തിനിറച്ച് ഒരു ഗുഡ്ലെങ്ത്ത് പന്തെറിഞ്ഞാൽ അത് എക്സ്ട്രാ കവറിനു മുകളിലൂടെ പായും! ഫുൾലെങ്ത്ത് എറിഞ്ഞാൽ പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ സഞ്ചരിക്കും ! സിംഗിൾ ഉദ്ദ്യേശിച്ച് ക്രീസ് വിട്ടിറങ്ങിയാലും അവസാന നിമിഷം തീരുമാനം മാറ്റി സിക്സർ നേടും! ലക്ഷ്മൺ ശിവരാമകൃഷ്ണൻ ചോദിക്കുന്നു-”ഇയാൾക്കെതിരെ പാവം ബൗളർമാർ എന്തുചെയ്യാനാണ് ! ”?

ശരിയാണ്. വിരാട് ഇങ്ങനെ കളിക്കുമ്പോൾ ഒരു പിഴവിനു വേണ്ടി പ്രാർത്ഥിക്കുകയേ നിവൃത്തിയുള്ളൂ. മൂന്നൂറിനു മുകളിലുള്ള ചെയ്സുകളുടെയും അന്താരാഷ്ട്ര സെഞ്ച്വറികളുടെയും മൂല്യം അയാൾ ദിനംപ്രതി ഇടിച്ചുതാഴ്ത്തിക്കൊണ്ടിരിക്കുന്നു…

വിരാട് എന്ന ടീംമാനെ നമിക്കണം. സ്വന്തം സെഞ്ച്വറി അയാൾക്ക് വിഷയമല്ല. പക്ഷേ ജാദവിൻ്റെ സെഞ്ച്വറി അയാൾ ആഘോഷമാക്കി. യുവി ബൗണ്ടറി നേടിയപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ­ കൈയ്യടിച്ചു. കേദാർ തന്നേക്കാൾ വേഗത്തിൽ സ്കോർ ചെയ്തപ്പോൾ സ്ട്രൈക്ക് അയാൾക്ക് നൽകി മാറിനിന്നു. വിജയം കുറിച്ച അശ്വിൻ്റെ സിക്സർ വന്നപ്പോൾ ആവേശത്തോടെ ഗർജ്ജിച്ചു….

ഹാർദ്ദിക് പാണ്ഡ്യ ! നിങ്ങളെ എങ്ങനെ സ്നേഹിച്ചുപോകാതിരിക്­കും? പതിവിനു വിപരീതമായി വിരാട് യുദ്ധം മുഴുവനാക്കാതെ മടങ്ങിയപ്പോൾ ഞങ്ങളെല്ലാം ഭയന്നിരുന്നു. വിരാടിൻ്റെ പാഴായ സെഞ്ച്വറികളുടെ എണ്ണം കൂടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. ജാദവിൻ്റെ തീപ്പൊരി ഇന്നിംഗ്സ് വെറുതെയാവുമെന്ന് പേടിച്ചിരുന്നു. ­ഒന്നും സംഭവിച്ചില്ല. പരിചയസമ്പന്നനായ ജഡേജ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോൾ നിങ്ങൾ പക്വതയോടെ കളിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ന­ന്ദി! ഇന്ത്യ കാത്തിരുന്ന ഫിനിഷർ അണിയറയിൽ പതുക്കെ ജന്മം കൊള്ളുകയാണ്!

ആരവങ്ങളടങ്ങുമ്പോൾ എനിക്ക് ഈ കളിയുടെ ഹൈലൈറ്റ്സ് കാണണം. വോക്ക്സ് വിരാടിനെതിരെ എറിഞ്ഞ ആ ഷോർട്ട്ബോൾ കാണണം. ബാക്ക്ഫൂട്ടിൽ നിലയുറപ്പിച്ച വിരാട് ‘സ്ട്രെയിറ്റ് ബാറ്റ്’ പ്രെസൻ്റ് ചെയ്യുന്നു. ഒരു പഞ്ച്! മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സർ! ആവർത്തിച്ചുകാണണം ആ ഷോട്ട്….

എന്നിട്ട് ചിന്തിക്കണം. എത്ര വർഷങ്ങളായി ക്രിക്കറ്റ് കാണുന്നു. അതുപോലൊരു ഷോട്ട് ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ? എത്ര ശ്രമിച്ചാലും ഒാർമ്മയിൽ ഒന്നും തെളിയാൻ സാദ്ധ്യതയില്ല. സഞ്ജയ്­ മഞ്ജരേക്കർ നാസർ ഹുസെയ്നോട് ചോദിച്ചതും അതുതന്നെ-

”നാസർ,അതുപോലൊന്ന് ഇതിനു മുമ്പ് നിങ്ങൾ കണ്ടിട്ടുണ്ടോ!!? “

Previous articleഎടത്തനാട്ടുകരയിൽ നാളെ പന്തുരുളും
Next articleചൈനീസ് ലീഗ് പണത്തിന് പൂട്ട് വീഴുന്നു