ഏകദിന പരമ്പര ഇന്ത്യയ്ക്ക്, കോഹ്‍ലിയ്ക്ക് ശതകം, അര്‍ദ്ധ ശതകം തികച്ച് കാര്‍ത്തിക്

- Advertisement -

ബൗളര്‍മാര്‍ വരിഞ്ഞ കെട്ടിയ കരീബിയന്‍ സംഘം നേടിയ 205 റണ്‍സ് 36.5 ഓവറുകളില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി ഇന്ത്യ പരമ്പര 3-1 നു സ്വന്തമാക്കി. വിരാട് കോഹ്‍ലി-ദിനേശ് കാര്‍ത്തിക് എന്നിവരുടെ അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. കോഹ്ലി 111 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക് കോഹ്‍ലിയ്ക്ക് കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ചു. വിരാട് കോഹ്‍ലിയെ മാന്‍ ഓഫ് ദി മാച്ചായും അജിങ്ക്യ രഹാനെയെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം ഏകദിനത്തില്‍ 39 റണ്‍സായിരുന്നു രഹാനെയുടെ സംഭാവന.

ഏകദിന ചേസിംഗില്‍ ഏറ്റവുമധികം ശതകങ്ങള്‍ എന്ന റെക്കോര്‍ഡിനു വിരാട് കോഹ്‍ലി അര്‍ഹനായി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തെയാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനു 50 ഓവറില്‍ 9 വിക്കറ്റ് നഷ്ത്തില്‍ 205 റണ്‍സ് മാത്രമേ നേടാനായുള്ളു. ഹോപ് സഹോദരന്മാരും, ജേസണ്‍ ഹോള്‍ഡര്‍, റോവമന്‍ പവല്‍ എന്നിവരുടെ ചെറുത്ത് നില്പില്ലായിരുന്നുവെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് സ്ഥിതി ഇതിലും മോശമാകുമായിരുന്നു. ഷായി ഹോപ് (51) റണ്‍സ് നേടിയപ്പോള്‍ കൈല്‍ ഹോപ്പിനു നാല് റണ്‍സിനു അര്‍ദ്ധ ശതകം നഷ്ടമായി. അര്‍ദ്ധ ശതകം തികച്ചുവെങ്കിലും വളരെ മെല്ലെയായിരുന്നു ഷായി ഹോപിന്റെ സ്കോറിംഗ്. ജേസണ്‍ ഹോള്‍ഡര്‍(36), റോവമന്‍(31) എന്നിവരുടെ സഹായത്തോടു കൂടി വെസ്റ്റിന്‍ഡീസ് 200 കടക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷാമി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ് മൂന്നും ഹര്‍ദ്ദീക് പാണ്ഡ്യ, കേധാര്‍ ജാഥവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement