കോഹ്‍ലിയുടെ ഡബിള്‍, കൂറ്റന്‍ സ്കോറുമായി ഇന്ത്യ

ഹൈദ്രാബാദ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയില്‍. വിരാട് കോഹ്‍ലിയുടെ ഇരട്ട ശതകവും(204), വൃദ്ധിമാന്‍ സാഹ(106*) നേടിയ ശതകത്തിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് 687/6 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അജിങ്ക്യ രഹാനെ(82), രവീന്ദ്ര ജഡേജ(60*), രവിചന്ദ്രന്‍ അശ്വിന്‍(34) എന്നിവരും ഇന്ത്യയ്ക്കായി മികച്ച സ്കോറുകള്‍ കണ്ടെത്തി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 41/1 എന്ന നിലയിലാണ്. സൗമ്യ സര്‍ക്കാര്‍ (ഏതാനും ഓവറുകള്‍ മാത്രം ശേഷിക്കെ ഉമേഷ് യാദവിനു വിക്കറ്റ് നല്‍കുകയായിരുന്നു. സാഹയും ഉമേഷും സംശയം പ്രകടിപ്പിച്ചുവെങ്കിലും കോഹ്‍ലി ഡിആര്‍എസ് റഫറല്‍ ഉപയോഗിച്ചപ്പോള്‍ വിധി ഇന്ത്യയ്ക്കനുകൂലമാകുകയായിരുന്നു. തമീം ഇക്ബാല്‍(24*) ഒരു റണ്‍ എടുത്ത മോമിനുള്‍ ഹക്ക് എന്നിവരാണ് ക്രീസില്‍.

356/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ആധിപത്യമാണ് രണ്ടാം ദിവസത്തെ മൂന്ന് സെഷനുകളിലും കണ്ടത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുന്നതില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ നന്നേ ബുദ്ധിമുട്ടി. 82 റണ്‍സ് നേടിയ രഹാനെയേ തൈജുല്‍ ഇസ്ലാം പുറത്താക്കി. പകരമെത്തിയ വൃദ്ധിമാന്‍ സാഹയും യഥേഷ്ടം റണ്ണുകള്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. വിരാട് കോഹ്‍ലി തുടര്‍ച്ചയായ നാലാം പരമ്പരയിലും ഇരട്ട ശതകം നേടുന്ന ആദ്യ ബാറ്റ്സ്മാനായി മാറിയപ്പോള്‍ വഴിമാറിയത് ബ്രാഡ്മാന്റെയും രാഹുല്‍ ദ്രാവിഡിന്റെയും റെക്കോര്‍ഡാണ്. ഹോം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സെവാഗിന്റെ റെക്കോര്‍ഡും പഴങ്കഥയാവുന്നത് കോഹ്‍ലിയുടെ ഇന്നിംഗ്സില്‍ കാണാനിടയായി.

ഇരട്ട സെഞ്ച്വറി തികച്ച് ഏറെ വൈകാതെ കോഹ്‍ലി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 495/5. സാഹ, അശ്വിന്‍, ജഡേജ എന്നിവര്‍ യഥേഷ്ടം റണ്ണുകള്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 600 കടന്നു. അശ്വിനെ മെഹ്ദി ഹസന്‍ പുറത്താക്കിയപ്പോള്‍ സാഹ തന്റെ ശതകവും, രവീന്ദ്ര ജഡേജ തന്റെ അര്‍ദ്ധ ശതകവും പൂര്‍ത്തിയാക്കി. സാഹ ശതകം നേടി ഏറെ വൈകാതെ കോഹ്‍ലി ഇന്ത്യയുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിനു വേണ്ടി തൈജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റും, മെഹ്ദി ഹസന്‍ രണ്ടും, ടാസ്കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

Previous articleലൂയിസ് എൻറിക്വേക്ക് പകരം റൊണാൾഡ്‌ കീമെനെ ലക്ഷ്യമിട്ട് ബാഴ്സലോണ
Next article117 റണ്‍സ് വിജയവുമായി റോവേഴ്സ്, തകര്‍ത്തത് ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമിയേ