ധോണിക്ക് പിന്തുണയുമായി കോഹ്ലി

- Advertisement -

ഇന്ത്യ ന്യൂസീലന്റ് പരമ്പരയിലെ രണ്ടാം T20I. കോളിൻ മൺറോയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസീലന്റ് 196 റൺ നേടി. തുടക്കത്തിലേ പതർച്ച നേരിട്ട ഇന്ത്യയ്ക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നില്ല. തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ കോഹ്ലി ക്രീസിലുണ്ട്. പല പ്രതിസന്ധിയിലും ടീമിനെ കൈപിടിച്ച് കയറ്റിയിട്ടുള്ള ധോണിയും ക്രീസിൽ. ആദ്യത്തെ പന്തുകളെ ബുദ്ധിപൂർവ്വവും ശ്രദ്ധയോടും നേരിട്ടത്തിന് ശേഷം, അടിച്ച് കളിക്കാറുള്ള ധോണിക്ക് ഇവിടെയും അത്തരത്തിൽ ഒരു തുടക്കത്തിന് അവസരം ഇല്ലായിരുന്നു. കാരണം വേണ്ടിയ റൺ റേറ്റ് 10നും മേലെയാണ്. ചെയ്യാവുന്ന ഒരു കാര്യം സ്‌ട്രൈക്ക് കോഹ്ലിക്ക് ഇടവിടാതെ കൈമാറുക എന്നതായിരുന്നു. എന്നാൽ വിജയകരമായി അതിനും ധോണിക്ക് അന്ന് കഴിഞ്ഞില്ല. സമ്മർദ്ദമേറുകയും കോഹ്ലി പുറത്താവുകയും ചെയ്തതിന് ശേഷം ധോണി ചില തകർപ്പൻ ഷോട്ടുകൾ പായിച്ചെങ്കിലും അതെല്ലാം സമയം കഴിഞ്ഞെത്തിയ സഹായം പോലെയായി.

ഈ തോൽവിക്ക് ശേഷം VVS ലക്ഷ്മൺ, അജിത് അഗാർക്കർ പോലെയുള്ള മുൻ താരങ്ങൾ ഇന്ത്യയുടെ T20I ടീമിലെ ധോണിയുടെ സ്ഥാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എത്തി. ധോണിയുടെ കീപ്പിങ്ങിൽ ആർക്കും സംശയമില്ലായിരിക്കും പക്ഷെ ബാറ്റിങ്ങിന്റെ കാര്യത്തിലാണ് ആരാധകർക്കും വിമർശകർക്കും ആശങ്കയുള്ളത്. ഇതിനൊക്കെ മറുപടിയെന്നോണമാണ് കോഹ്ലിയുടെ ഏറ്റവും പുതിയ പ്രസ്താവന.

കോഹ്ലിയുടെ വാക്കുകൾ:
എന്തുകൊണ്ടാണ് ആൾക്കാർ ധോണിയിലേക്ക് മാത്രം വിരൽ ചൂണ്ടുന്നത്. ഞാൻ 3 തവണ പരാജയപ്പെട്ടാൽ എനിക്ക് നേരെ ആരും വിമർശനം ഉയർത്താറില്ല, കാരണം എനിക്ക് 35 വയസ്സ് ആയിട്ടില്ലല്ലോ. അദ്ദേഹം ശാരീരികക്ഷമതയുടെ ഓരോ ടെസ്റ്റും വിജയകരമായി പൂർത്തികരിക്കുന്ന ആളാണ്. ടീമിന് വേണ്ടി എല്ലാവിധത്തിലും സംഭാവന ചെയ്യുന്നു. ഫീൽഡിൽ ആണേലും, ബാറ്റ് കൊണ്ടാണേലും. ശ്രീലങ്കയ്ക്കും, ഓസ്ട്രേലിയയ്ക്കും എതിരെ മികച്ച രീതിയിൽ കളിച്ചിരുന്നുവല്ലോ. ഈ പരമ്പരയിൽ ബാറ്റ് ചെയ്യാൻ അധികം സമയം കിട്ടിയില്ല.

പാണ്ട്യയ്ക്ക് പോലും അടിക്കാൻ കഴിയാതിരുന്നിടത്ത് ധോണിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കളിയുടെ സാഹചര്യങ്ങൾ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന ഒരാളെ പോലെയായിരിക്കില്ല താഴെ കളിക്കുന്ന ആൾക്കെന്നും കോഹ്ലി പറഞ്ഞു. എല്ലാം ചേർത്ത് വായിക്കണമെന്നും വികാരങ്ങൾക്കോ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കോ അല്ല മുൻഗണന എന്നും കോഹ്ലി ചേർത്തു. വളരെ സ്മാർട്ട് ആയിട്ടുള്ള ക്രിക്കറ്റർ ആണ് അദ്ദേഹം, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി വേറാരും തീരുമാനം എടുക്കേണ്ടതില്ല എന്നും കോഹ്ലി കൂട്ടിച്ചേർത്തു.

വിമർശനങ്ങൾ പലതും ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയയ്ക്ക് വേണ്ടി ധോണി അവസാനമായി കളിക്കുന്ന T20I ആണോ തിരുവനന്തപുരത്ത് നടക്കുന്നത് എന്ന് ധോണി ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നു. അതിനെയൊക്കെ അകറ്റിനിർത്താൻ ഉത്തകുന്നതാണ് കോഹ്ലിയുടെ പ്രസ്താവന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement