Fanzone | വിരാട് @ 200; കോഹ്‌ലിയ്ക്ക് പകരം കോഹ്‌ലി മാത്രം

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 200 ഏകദിനങ്ങൾ പൂർത്തിയാക്കുമ്പോൾ ഇതുവരെ നേടിയ 31 സെഞ്ച്വറികളിൽ ഏറ്റവും മികച്ചതായി തോന്നിയ 3 ( ചെയ്‌സിങ് ) ഇന്നിങ്‌സുകളിലൂടെ :

1. 133 നോട്ടൗട്ട് ‌( CB സീരീസിൽ 2012 ഫെബ്രുവരി 28ന് ശ്രീലങ്കയ്ക്കെതിരെ ഹോബാർട്ടിൽ )

അവിശ്വസനീയമായതെന്തോ, അതായിരുന്നു ഹോബാർട്ടിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ്. ഒരു വിരാട് കോഹ്‌ലി ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് നിസംശ്ശയം പറയാവുന്ന ഇന്നിങ്സ്. ടൂർണമെന്റിൽ മുന്നേറണമെങ്കിൽ, ദിൽഷന്റെയും, സംഗക്കാരയുടെയും സെഞ്ചുറികളുടെ പിൻബലത്തോടെ ശ്രീലങ്ക മുന്നിൽ വെച്ച 320 റൺസ്‌ 40 ഓവറിനുള്ളിൽ ചെയ്സ് ചെയ്യണമെന്നിരിക്കെ, 36.4 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു എന്നത് തന്നെയാണ് ഇതൊരു സ്പെഷ്യൽ ഇന്നിങ്സ് ആയി മാറാനുള്ള കാരണവും. ലങ്കൻ നിരയിലെ ഏറ്റവും അപകടകാരിയായ ബൗളർ ലസിത് മലിംഗയുടെ ഒരോവറിൽ 24 റൺസടിച്ചു കോഹ്‌ലി മികവു കാണിച്ചതും ഈ മത്സരത്തിലായിരുന്നു.

2. 183 ( ഏഷ്യകപ്പിൽ 2012 മാർച്ചിൽ മിർപൂരിൽ പാകിസ്ഥാനെതിരെ )

വലിയ സ്കോർ ചെയ്സ് ചെയ്യുന്നതിൽ തനിയ്ക്കുള്ള മികവ് കോഹ്‌ലി വീണ്ടും പ്രകടമാക്കിയത് ഏകദിനത്തിലെ ഇതുവരെയുള്ള തന്റെ ഉയർന്ന സ്കോർ ബദ്ധവൈരികളായ പാകിസ്ഥാനെതിരെ കുറിച്ചുകൊണ്ടായിരുന്നു. ഇത്തവണ വിജയലക്ഷ്യം 329, ഓപ്പണർ ഗംഭീറിന്റെ തുടക്കത്തിലെയുള്ള പുറത്താകലിന് ശേഷം ക്രീസിലെത്തിലെത്തിയ കോഹ്‌ലി, സയീദ് അജ്മലും, ഉമർ ഗുല്ലും അടങ്ങിയ പാക് ബൗളിംഗ് നിറയെ നിഷ്പ്രയാസം നേരിട്ട് മുന്നേറുമ്പോൾ, നോൺ സ്‌ട്രൈക്കിങ് എൻഡിൽ എല്ലാത്തിനും സാക്ഷിയായി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഉണ്ടായിരുന്നു. ഒടുവിൽ ടീമിന്റെ വിജയത്തിന് അടിത്തറയായി 133 റൺസ്‌ ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഹോബാർട്ടിൽ മലിംഗയായിരുന്നെങ്കിൽ മിർപൂരിൽ കോഹ്‌ലിയുടെ ഇര പാക് ബൗളർ വഹാബ് റിയാസായിരുന്നു. വഹാബിന്റെ 4 ഓവറിൽ 50 റൺസോളം ഇന്ത്യ നേടി, ഒടുവിൽ ഗുല്ലിന് വിക്കറ്റ് നൽകി വിരാട് മടങ്ങുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.

 

107 ( ഇന്ത്യ – ശ്രീലങ്ക സീരിസിലെ നാലാം മത്സരത്തിൽ 2009 ഡിസംബറിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ )

2008 ലെ U19 വേൾഡ്കപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്‌ലി എന്ന താരത്തിന്റെ ഇന്റർനാഷണൽ ക്രിക്കറ്റിലേക്കുള്ള വരവറിയിച്ച മത്സരം. വിരാട് കോഹ്‌ലിയുടെ ആദ്യ എകദിന സെഞ്ച്വറിയുടെ പിൻബലത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ 316 റൺസ്‌ പിന്തുടർന്ന് വിജയിച്ചു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ, ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉപുൽ തരംഗ, കുമാർ സംഗക്കാര എന്നിവരുടെയും, അവസാന ഓവറുകളിൽ തിസാര പെരേര, മഹേള ജയവർധനെ എന്നിവരുടെയും മികവിൽ 50 ഓവറിൽ 6 ന് 315 എന്ന മികച്ച സ്കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2 ന് 23 എന്ന നിലയിൽ പതറുമ്പോഴായിരുന്നു കോഹ്‌ലി – ഗംഭീർ കൂട്ടുകെട്ട് ഒത്തു ചേർന്നത്. ഒരു തുടക്കക്കാരന്റെ പരിഭ്രമമില്ലാതെ കളിച്ച കോഹ്‌ലിയും, പരിചയസമ്പന്നനായ ഗംഭീറും ഇന്ത്യയുടെ വിജയശില്പികളായി. മത്സരത്തിൽ ഗംഭീറും സെഞ്ചുറി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement