Fanzone | കോഹ്‌ലിയും പിള്ളേരും സ്ട്രോങ്ങ് ആണ് ; ഡബിൾ സ്ട്രോങ്ങ്

- Advertisement -

ക്രിക്കറ്റ്‌ പഴയ ക്രിക്കറ്റ്‌ അല്ല, ടീം ഇന്ത്യ പഴയ ടീം ഇന്ത്യയുമല്ല. കളത്തിനു പുറത്ത് വിവാദങ്ങൾ കൊഴുക്കുമ്പോഴും 2019 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുന്നതാണ് ടീമെന്ന നിലയിൽ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ. നാട്ടിൽ നടന്ന 13 ടെസ്റ്റുകളിൽ 10 ലും വിജയം, തോറ്റത് പൂനെയിൽ ഓസ്ട്രേലിയയോട് മാത്രം.

എകദിനത്തിലും സ്ഥിതി വ്യത്യസ്ഥമല്ല കോഹ്‌ലിയുടെ കീഴിൽ 9 പരമ്പരകൾ ഇന്ത്യ ഇതിനകം നേടിയിരിക്കുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ബദ്ധവൈരികളായ പാകിസ്താനോടേറ്റ തോൽവി ഒഴിച്ചു നിർത്തിയാൽ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയുടേത്. നിലവിൽ ഏകദിനത്തിലെയും റാങ്കിങ് അതിനു തെളിവാണ്.

ടീം ഇന്ത്യ ആകെ മാറിയിരിക്കുന്നു, ക്യാപ്റ്റൻ കൂൾ ധോണിയിൽ നിന്ന് ക്യാപ്റ്റൻ ഫീയർലെസ്സ് കോഹ്‌ലിയിലേക്ക് വരുമ്പോൾ എടുത്തുപറയേണ്ടതും അത് തന്നെ ആണ്. ബാറ്റ്സ്മാൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ഫിറ്റ്നസിന്റെ കാര്യത്തിലും മുൻ പന്തിയിലാണ് കോഹ്‌ലി. ഫിറ്റ്നസ്സും ഫോമും ഇല്ലാതെ ഉഴറുന്ന താരങ്ങൾക്ക്‌ ടീമിൽ സ്ഥാനമുണ്ടാവില്ലെന്ന് പറയാതെ പറയുന്നു കോഹ്‌ലി, അതുകൊണ്ട് തന്നെയാണ് ടീമിലെ പല വമ്പൻ താരങ്ങൾക്കും ടീമിന് പുറത്തിരിക്കേണ്ടി വരുന്നതും, ഒന്നോ രണ്ടോ താരങ്ങൾ ഒഴികെ ടീമിലെ സ്ഥാനമുറപ്പിക്കുന്നതിന് വേണ്ടി കളിക്കാർക്കിടയിൽ ആരോഗ്യപരമായ ഒരു മത്സരം നടക്കുന്നതും.

ടീം കാലങ്ങളായി നേരിട്ടിരുന്ന പല പ്രശ്നങ്ങൾക്കും ഇന്ന് പരിഹാരമായിരിക്കുന്നു. ബാറ്റ്സ്മാൻമാരുടെയും, സ്പിന്നർമാരുടെയും മികവ്കൊണ്ട്‌ മാത്രം മത്സരം ജയിച്ചിരുന്ന ടീം എന്നത് മാറി. മുഹമ്മദ്‌ ഷമിയും, ഉമേഷ്‌ യാദവും, ബുംറയും, ഭുവനേശ്വറും അടങ്ങുന്ന ഏതു സാഹചര്യത്തിലും വിക്കറ്റ് എടുത്ത് കളിയുടെ ഗതി തിരിക്കാൻ കഴിയുന്ന ഒരു കൂട്ടം ഫാസ്റ്റ് ബൗളേഴ്‌സ് ഇന്ന് ടീമിലുണ്ട്. IPL ലും ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിച്ചു ഊഴം കാത്തു നിൽക്കുന്നവർ വേറെയും.

കപിൽ ദേവിന് ശേഷം മികച്ചൊരു ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർക്ക്‌ വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം ഇപ്പോൾ ചെന്ന് നിൽക്കുന്നത് ബറോഡയിൽ നിന്നുള്ള ഹർദിക് പാണ്ഡ്യ എന്ന 23 കാരനിലാണ്. IPL ലൂടെ വരവറിയിച്ച പാണ്ഡ്യ കഴിഞ്ഞ 2 വർഷമായി ബാറ്റിങ്ങിലും, ടീമിലെ അഞ്ചാം ബൗളർ എന്ന നിലയിലും, ഫീൽഡിലും അദ്ഭുതകരമായ പ്രകടനം കാഴ്ച വെക്കുന്നു. കുറ്റനടികളിലൂടെ ടീമിനെ വിജയിപ്പിക്കുന്നതിന് പാണ്ഡ്യക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.

എക്കാലത്തെയും പോലെ ടീമിന്റെ സ്പിൻ ബൌളിംഗ് ഡിപ്പാർട്മെന്റ് ഇപ്പോഴും ശക്തമാണ്. പരിചയസമ്പന്നരായ അശ്വിൻ,ജഡേജ എന്നിവരെ മാറ്റി ഹരിയാനയുടെ യുസ്‌വേന്ദ്ര ചാഹലും ഉത്തർപ്രദേശിൽ നിന്നുള്ള കുൽദീപ് യാദവും, ഗുജറാത്ത്‌ക്കാരൻ അക്സർ പട്ടേലും ടീമിലെത്തിയത് പ്രകടനമികവ് കൊണ്ട്‌ തന്നെയാണ്. ശ്രീലങ്കക്കും ഓസ്ട്രേലിയക്കും എതിരെ ഇവർ നടത്തിയ പ്രകടനം അത് അടിവര ഇടുന്നു, കൂട്ടിനു പാർട്ട് ടൈം ഓഫ് സ്പിന്നുമുമായി കേദാർ ജാദവ് കൂടിയുണ്ട്.

ഇനി വരാനിരിക്കുന്നത് സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും പോലെയുള്ള കടുപ്പമേറിയ ടെസ്റ്റ്‌ / ഏകദിന പരമ്പരകളാണ്. 2 വർഷങ്ങൾക്കപ്പുറം ലോകകപ്പും. പ്രതീക്ഷകൾ വാനോളമാണ്. കാരണം കോഹ്‌ലിയും പിള്ളേരും സ്ട്രോങ്ങ് ആണ്, ഡബിൾ സ്ട്രോങ്ങ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement