Heinrichklassen

61 പന്തിൽ 119 റൺസുമായി ക്ലാസ്സന്റെ മാസ്റ്റര്‍ ക്ലാസ്, 30 ഓവറിനുള്ളിൽ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ആദ്യ ഏകദിനത്തിലെ പരാജയത്തിൽ നിന്ന് മിന്നും പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ 260 റൺസിലൊതുക്കിയ ശേഷം ലക്ഷ്യം 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ജയത്തോടെ ഇരു ടീമുകളും ഏകദിന പരമ്പര പങ്കുവെച്ചു.

ബ്രണ്ടന്‍ കിംഗ് 72 റൺസുമായി വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 39 റൺസ് നേടിയ നിക്കോളസ് പൂരന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ജേസൺ ഹോള്‍ഡര്‍ 36 റൺസും നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ മാര്‍ക്കോ ജാന്‍സന്‍, ജോൺ ഫോര്‍ടുയിന്‍, ജെറാള്‍ഡ് കോയെറ്റ്സേ എന്നിവര്‍‍ രണ്ട് വീതം വിക്കറ്റ് നേടി.

61 പന്തിൽ നിന്ന് പുറത്താകാതെ 119 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ ചൂളിയപ്പോള്‍ 29.3 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയം കുറിച്ചു. മാര്‍ക്കോ ജാന്‍സന്‍ 33 പന്തിൽ 43 റൺസ് നേടി.

വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ് മൂന്നും അകീൽ ഹൊസൈന്‍ രണ്ടും വിക്കറ്റ് നേടിയെങ്കിലും ക്ലാസ്സന്റെ ഹിറ്റിംഗിന് മുന്നിൽ പിടിച്ച് നിൽക്കുവാന്‍ വെസ്റ്റിന്‍ഡീസിനായില്ല. 6 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി വിജയം ഉറപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.

Exit mobile version