ഇന്ത്യയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരമാണ് കെഎല്‍ രാഹുല്‍ – വിക്രം റാഥോര്‍

ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും കെഎല്‍ രാഹുല്‍ ഇന്ത്യയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണെന്നത് ആരും മറക്കരുതെന്ന് പറഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. പരമ്പരയില്‍ ആദ്യ മൂന്ന് കളിയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ താരത്തിന്റെ സംഭാവന ഒരു റണ്‍സ് ആണ്. എന്നാല്‍ താരത്തിന് പിന്തുണയുമായി വിരാട് കോഹ്‍ലിയും വിക്രം റാഥോറും രംഗത്തെത്തിയിട്ടുണ്ട്.

മോശം സമയം ആര്‍ക്കും വരാമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 താരം രാഹുലാണെന്നും 145 ലധികം സ്ട്രൈക്ക് റേറ്റോടെയാണ് താരം ബാറ്റ് വീശിയതെന്നും റാഥോര്‍ പറഞ്ഞു. മൂന്ന് പരാജയങ്ങള്‍ ഈ വസ്തുതയെ മറയ്ക്കുന്നില്ലെന്നും ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം എന്നതിനുള്ള ഉത്തരമാണ് രാഹുല്‍ എന്നും റാഥോര്‍ വ്യക്തമാക്കി.

ടീമെന്ന നിലയില്‍ താരത്തിന് പിന്തുണ നല്‍കേണ്ട സമയാണ് ഇതെന്നും ഏവരുടെയും പിന്തുണയോടെ താരം ഈ മോശം ഘട്ടത്തെ തരണം ചെയ്യുമെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വ്യക്തമാക്കി.

Exit mobile version