ബംഗാളിനോട് മൂന്ന് റണ്‍സ് തോല്‍വി, കേരളം സെമിയില്‍ പുറത്ത്

U-23 ഏകദിന ടൂര്‍ണ്ണമെന്റില്‍ സെമിയില്‍ കേരളത്തിനു പരാജയം. ഇന്ന് ബംഗാളിനോടാണ് കേരളം 3 റണ്‍സിനു പരാജയപ്പെട്ടത്. ബംഗാളിന്റെ സ്കോറായ 196/9 പിന്തുടരുകയായിരുന്നു കേരളം 49.4 ഓവറില്‍ 193 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 36 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു ഫനൂസ് റണ്‍ഔട്ട് ആയതോടെ കേരളത്തിന്റെ ഫൈനല്‍ മോഹങ്ങള്‍ അസ്തമിച്ചു.

മത്സരത്തില്‍ ടോസ് ലഭിച്ച ബംഗാള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സെമിയില്‍ മികച്ച സ്കോര്‍ എന്ന ബംഗാളിന്റെ പ്രതീക്ഷ കേരള ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി തടയിട്ടു. ബേസില്‍ എന്‍പി, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഫനൂസ് 2 വിക്കറ്റ് നേടി. 57 റണ്‍സ് നേടിയ സൗരവ് സിംഗ് ടോപ് സ്കോറര്‍ ആയപ്പോള്‍ ബംഗാള്‍ നിരയില്‍ സൗരവ് പോള്‍, അഗ്നിവ് പാന്‍ എന്നിവര്‍ 36 റണ്‍സ് വീതം നേടി ടീം സ്കോര്‍ 196ല്‍ എത്തിച്ചു.

കേരളത്തിന്റെ ചേസിംഗും മികച്ച രീതിയിലായിരുന്നില്ല. തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളം ഒരു ഘട്ടത്തില്‍ 62/5 എന്ന സ്കോറിലേക്ക് കേരളം വീണു. പിന്നീട് ആറാം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍-ഹരികൃഷ്ണന്‍ കൂട്ടുകെട്ട് നേടിയ 63 റണ്‍സാണ് കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും ജീവിപ്പിച്ചത്. എന്നാല്‍ സല്‍മാന്‍ നിസാറിനെയും സിജോമോന്‍ ജോസഫിനെയും പുറത്താക്കി പ്രയാസ് റേ ബര്‍മ്മന്‍ വീണ്ടും കേരളത്തെ പ്രതിരോധത്തിലാക്കി. ഏറെ വൈകാതെ ഹരികൃഷ്ണനും ബര്‍മ്മനു ഇരയായതോടു കൂടി കേരളം 161/8 എന്ന നിലയിലായി.

വാലറ്റത്തെ കൂട്ടുപിടിച്ച് ഫനൂസ് 26 പന്തില്‍ നിന്ന് 36 റണ്‍സുമായി കേരളത്തെ വിജയത്തിലേക്കും ഫൈനലിലേക്കും എത്തിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് റണ്‍ഔട്ട് വില്ലനായി എത്തിയത്. 2 പന്തുകള്‍ ശേഷിക്കെ കേരളത്തിന്റെ ഇന്നിംഗ്സ് 193 റണ്‍സില്‍ അവസാനിച്ചു.

ബംഗാളിനു വേണ്ടി പ്രയാസ് റേ ബര്‍മ്മന്‍ നാല് വിക്കറ്റും അമിത് കുയ്‍ല മൂന്നും വിക്കറ്റ് നേടി. ബര്‍മ്മന്‍ തന്റെ പത്തോവറില്‍ 36 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version