കേരള കിംഗ്സ് ആദ്യ ടി10 ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാര്‍

ഐറിഷ് കരുത്തില്‍ ആദ്യ കിരീടം നേടി കേരള കിംഗ്സ്. ഇംഗ്ലണ്ടിന്റെ ഐറിഷ് വംശജന ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോള്‍ ലൂക്ക് റോഞ്ചിയുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ പഞ്ചാബി ലെജന്‍ഡ്സ് ടോട്ടലിനെ അനായാസം മറികടക്കുകയായിരുന്നു കേരള കിംഗ്സ്. പഞ്ചാബി ലെജന്‍ഡ്സിന്റെ 120/3 എന്ന 10 ഓവര്‍ സ്കോര്‍ വെറും 8 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് മറികടന്ന് ആദ്യ കിരീടം ചൂടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ടീം ലൂക്ക് റോഞ്ചി വെടിക്കെട്ടിലാണ് പടുകൂറ്റന്‍ സ്കോര്‍ നേടിയത്. 34 പന്തില്‍ 70 റണ്‍സ് നേടിയ റോഞ്ചിയും 26 റണ്‍സുമായി ഷൊയ്ബ് മാലിക്കുമാണ് പഞ്ചാബിനായി തിളങ്ങിയത്. കേരള കിംഗ്സിനായി ലിയാം പ്ലങ്കറ്റ്, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ലൂക്ക് റോഞ്ചി റണ്‍ഔട്ട് ആവുകയായിരുന്നു.

121 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരള കിംഗ്സിനു ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ചാഡ്വിക് വാള്‍ട്ടണെ നഷ്ടമായി. പിന്നീട് പോള്‍ സ്റ്റിര്‍ലിംഗ്(52*)-ഓയിന്‍ മോര്‍ഗന്‍(63) കൂട്ടുകെട്ട് ടീമിനെ കരുത്താര്‍ന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. 113 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ മോര്‍ഗന്‍ പുറത്താകുമ്പോള്‍ ലക്ഷ്യം വെറും 8 റണ്‍സ് മാത്രം അകലെയായിരുന്നു. പോള്‍ സ്റ്റിര്‍ലിംഗ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ടീമിനെ കീറണ്‍ പൊള്ളാര്‍ഡിനൊപ്പം വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial