ഗംഭീറിന്റെ തീരുമാനം മലയാളി ആരാധകര്‍ക്ക് തിരിച്ചടി

ഡിസംബര്‍ 14നു കേരളത്തിനെതിരെ ഡല്‍ഹി തങ്ങളുടെ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങുമ്പോള്‍ ഗൗതം ഗംഭീറിനെ ഒരു നോക്ക് കാണുവാനായി ആഗ്രഹമുള്ള ഒട്ടനവധി ക്രിക്കറ്റ് ആരാധകര്‍ തിരുവനന്തപുരത്തുണ്ട്. ഗംഭീറടക്കമുള്ള പ്രമുഖ നിരയാവും ഡല്‍ഹിയെ പ്രതിനിധീകരിച്ച് തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജില്‍ എത്തുക എന്നതായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഇന്ന് തന്റെ വിരമിക്കല്‍ തീരുമാനം ഗംഭീര്‍ പ്രഖ്യാപിച്ചപ്പോള്‍ ഈ സ്വപ്നമാവും തകര്‍ന്നിരിക്കുക.

ഡിസംബര്‍ ആറിനു ഡല്‍ഹിയുടെ ആന്ധ്രയ്ക്കെതിരെയുള്ള മത്സരം തന്റെ അവസാന പ്രൊഫഷണല്‍ ക്രിക്കറ്റ് മത്സരമായിരിക്കുമെന്നാണ് ഗംഭീര്‍ അറിയിച്ചത്. ഫിറോസ് ഷാ കോട്‍ലയില്‍ തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവും ഗംഭീര്‍ അടുത്ത മത്സരത്തില്‍ തന്നെ കളി മതിയാക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിചേര്‍ന്നത്. തീരുമാനത്തിനു കാരണമെന്തായാലും മലയാളി ആരാധകര്‍ക്ക് ഇന്ത്യയുടെ ലോകകപ്പ് ജേതാവിനെ ഒരു നോക്ക് കാണുവാനുള്ള അവസരമാണ് നഷ്ടമാവുന്നത്.

Exit mobile version