
കേരളം എന്നു കേൾക്കുമ്പോൾ ക്രിക്കറ്റ് ആരാധകർ പോലും പറയുന്നത് കേരളം ഫുട്ബോൾ പ്രേമികളുടെ നാട് എന്നാണ്.
എന്നാൽ ഫുട്ബാളിനെക്കാൾ ബന്ധം കേരളത്തിന് ക്രിക്കറ്റുമായുണ്ട് എന്നതാണ് സത്യം. ഇന്ത്യയിൽ തന്നെ ആദ്യമായ് ക്രിക്കറ്റ് കളി നടന്നത് കേരളത്തിലാണെന്ന് പറയപ്പെടുന്നുണ്ട്. കേരളത്തിൽ ആദ്യമായി ക്രിക്കറ്റ് കളിച്ചത് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ്. 3 “C” കളുടെ നാട് എന്നാണ് തലശ്ശേരി അറിയപ്പെടുന്നത്. സർക്കസ്സും കേക്കും പിന്നെ ക്രിക്കറ്റുമാണ് ആ 3 “C” കൾ. 1790 കളിൽ ആർതർ വെല്ലസ്ലിയാണ് ( 1st Duke of Wellington of Waterloo fame ) തലശ്ശേരിയിൽ ക്രിക്കറ്റ് കൊണ്ടുവന്നത്. പട്ടാളക്കാരെയും സാധാരണ നാട്ടുകാരെയും ക്രിക്കറ്റിലേക്കു അടുപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
1860ലാണ് കൊൽക്കത്തയിൽ ക്രിക്കറ്റ് എത്തുന്നത്. എന്നാൽ അതെ വർഷം തന്നെ തലശ്ശേരിയിലെ ക്രിക്കറ്റ് പ്രേമികൾ ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചിരുന്നു. പിന്നീട് ടൗൺ ക്രിക്കറ്റ് ക്ലബ് എന്നറിയപ്പെട്ടിരുന്ന ഈ ക്ലബ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്ലബ്ബുകളിലൊന്നാണ്. കുട്ടിയും കോലും എന്ന കളിയുമായുള്ള ക്രിക്കറ്റിന്റെ സാമ്യം ജനങ്ങളെ ആകർഷിക്കാൻ ഒരു കാരണമായി എന്ന് പറയപ്പെടുന്നുണ്ട്. തലശ്ശേരി ക്രിക്കറ്റ് ഗ്രൗണ്ടിന് 200 വർഷത്തിലധികം പഴക്കമുണ്ട്. സ്റ്റേഡിയത്തിന്റെ ഇരുന്നൂറാം വാർഷികവുമായി ബന്ധപ്പെട്ടു ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിരമിച്ച താരങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരം അരങ്ങേറിയിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങൾ ഇന്നും തലശ്ശേരിയിൽ നടന്നു വരുന്നുണ്ട്.
ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളും രഞ്ജി ട്രോഫി മത്സരങ്ങളും കലൂർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൊച്ചിക്ക് സ്വന്തമായി ഒരു IPL ടീം ഉണ്ടായിരുന്നപ്പോൾ ഹോം ഗ്രൗണ്ട് കലൂര്‍ ആയിരുന്നു.
1997 മുതൽ കേരള ക്രിക്കറ്റ് അസോസിയേഷനുമായി കരാർ ഉണ്ടായിട്ടും 10 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത് .
ടൂര്‍ണമെന്റുകളുടെ വേദി നിർണ്ണയിക്കുമ്പോൾ പലപ്പോഴും കേരളം ഒഴിവാക്കപ്പെടുന്നു. രാജ്യത്തെ മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നായ കലൂർ സ്റ്റേഡിയത്തിൽ ആവേശം കൊള്ളിക്കാനായി എത്തുന്ന കാണികളുടെ എണ്ണവും വളരെ കൂടുതലാണ്. എന്നിട്ടും ഇന്ത്യയിൽ അവസാനമായി നടന്ന രണ്ടു വേൾഡ് കപ്പിലും കൊച്ചിയിൽ മത്സരങ്ങൾ അനുവദിച്ചിരുന്നില്ല. കൊച്ചിയിൽ നടന്ന ഒരു മത്സരത്തിന് ശേഷം പിച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി പറഞ്ഞത് “പിച്ച് മടക്കിയെടുത്ത വീട്ടിൽ കൊണ്ട് പോകാൻ ആഗ്രഹം ഉണ്ട്” എന്നായിരുന്നു. ഇന്ത്യൻ ക്യാപ്റ്റന്‍ ഇത്രയധികം ഇഷ്ടപെട്ട പിച്ചിൽ 2 വർഷമായിട്ടും ഒരു ഇന്റർനാഷണൽ മത്സരം പോലും നടന്നിട്ടില്ല.
ടീമും ക്യാപ്റ്റനും ആഗ്രഹിക്കുന്ന പിച്ച് ഒരുക്കിയിട്ടും നിറഞ്ഞ സ്റ്റേഡിയങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ടൂർണമെന്റുകൾ വരുമ്പോൾ അധികൃതർ കൊച്ചിയെ മറക്കുന്നത് എന്ന് കേരളത്തിലെ ഓരോ ക്രിക്കറ്റ് പ്രേമിയും ചോദിക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം അഞ്ഞൂറാം ടെസ്റ്റ് മത്സരം കളിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നാളിതുവരെയായി ഇന്ത്യക്കുവേണ്ടി കളിച്ച മലയാളി താരങ്ങളുടെ എണ്ണം എന്ന് പറയുന്നത് മൂന്ന് ആണ്.
മൂന്നു വ്യത്യസ്ത ഫോർമാറ്റുകൾ ഉള്ള ലോകത്തിലെ ഏക ഗെയിമാണ് ക്രിക്കറ്റ് . ഈ മൂന്ന് വ്യത്യസ്ത ഫോർമാറ്റുകളിലായി ഇന്ത്യ 1500 മത്സരങ്ങളോളം കളിച്ചപ്പോൾ ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ജു സാംസൺ എന്നീ മൂന്ന് താരങ്ങൾ മാത്രമാണ് കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിനു വേണ്ടി കളിച്ചിട്ടുള്ളത്. ഇതിനൊക്കെ കാരണമായി മുംബൈ ലോബി, ഉത്തരേന്ത്യൻ ലോബി എന്നൊക്കെ എത്ര കാലം നമുക്ക് പറഞ്ഞു നില്ക്കാനാവും? നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചുകൊണ്ടേയിരിക്കുമ്പോൾ നാം ഉത്തരേന്ത്യൻ ലോബിയെ പഴിക്കുന്നതിൽ അർത്ഥമില്ല. അതെ സമയം അനന്തപദ്മനാഭനെ പോലുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തപ്പെടാഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരവുമില്ല.
കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരം കേരളത്തിന്റെ മോനിഷായിരുന്നു. രോഹൻ പ്രേം,സച്ചിൻ ബേബി, വി.എ ജഗദീഷ് എന്നിവരുടെ പെർഫോമൻസും കഴിഞ്ഞ കുറച്ച് സീസണുകളായി മികച്ചതായിരുന്നു. ഇങ്ങനെയുള്ള താരങ്ങൾ ഉണ്ടായിട്ടും ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ളവരുടെ പ്രാധിനിത്യം കുറയാനുള്ളത്തിന്റെ കാരണം കേരളം ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും ചർച്ച ചെയ്യേണ്ടതുണ്ട്. 1950 മുതൽ രഞ്ജി ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ടെങ്കിലും എടുത്ത് പറയാൻ മാത്രമുള്ള പ്രകടനം കേരള ടീം കാഴ്ച വെച്ചിട്ടില്ല എന്നുതന്നെ പറയാം.
ഇത്രയധികം ക്രിക്കറ്റ് പ്രേമികൾ ഉണ്ടായിട്ടും കേരളത്തിന് അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള വേദി അനുവദിക്കാത്തത് വലിയ പിഴവാണ്. ക്രിക്കറ്റിന്റെ സ്വീകാര്യത കുറഞ്ഞുവരുന്ന ഈ സമയങ്ങളിൽ കേരളമുൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .
ഐപിഎല്‍ ന്റെ പാത പിന്തുടർന്ന് വന്ന ഐഎസ്എല്‍ ,കബഡി ലീഗ്, ഫുട്സാൽ ഇവയെല്ലാം കാണികളെ ആകർഷിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ ക്രിക്കറ്റിന്റെ പ്രൗഢി തിരിച്ചു പിടിക്കാൻ കേരളത്തിലും നോർത്ത്-ഈസിറ്റിലും കൂടുതൽ ഐപിഎല്‍ ഉം,അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കേണ്ടതുണ്ട്.
കേരളത്തിലെ ക്രിക്കറ്റിന്റെ മെക്കയായ തലശ്ശേരിയിലും ക്രിക്കറ്റ് ആവേശം തിരിച്ചെത്തിക്കേണ്ടതുണ്ട്.