സന്ദീപ് വാര്യര്‍ക്ക് 5 വിക്കറ്റ്, ബാറ്റിംഗില്‍ കേരളം പൊരുതുന്നു

തിമ്മപ്പയ്യ ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ കേരളം പൊരുതുന്നു. ചത്തീസ്ഗഢിനെ ഒന്നാം ഇന്നിംഗ്സില്‍ 376 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 128/3 എന്ന നിലയിലാണ്. 248 റണ്‍സ് പിന്നിലായാണ് കേരളം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിനായി നായകന്‍ സച്ചിന്‍ ബേബി(24*), സല്‍മാന്‍ നിസാര്‍(7*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. സഞ്ജു സാംസണ്‍(41), വിഎ ജഗദീഷ്(40), വിഷ്ണു വിനോദ്(7) എന്നിവരാണ് പുറത്തായ താരങ്ങള്‍.

നേരത്തെ തലേ ദിവസത്തെ സ്കോറായ 245/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ചത്തീസ്ഗഢിനെ സന്ദീപ് വാര്യറുടെ ബൗളിംഗ് ആണ് 376 റണ്‍സിനു ഓള്‍ഔട്ട് ആക്കുവാന്‍ സഹായിച്ചത്. 127.3 ഓവറുകള്‍ നീണ്ട ഇന്നിംഗ്സ് 376 റണ്‍സില്‍ അവസാനിക്കുമ്പോള്‍ വിശാല്‍ കുശ്‍വ 51 റണ്‍സ് നേടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

തലേ ദിവസം ക്രീസിലുണ്ടായിരുന്ന അമന്‍ദീപ് 7 റണ്‍സ് കൂടി നേടുന്നതിനിടെ പുറത്തായി. സുമിത് റൂയിക്കര്‍ 38 റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങി. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ശേഷിക്കുന്ന ഒരു വിക്കറ്റ് ആസിഫ് കെഎമ്മും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial