Site icon Fanport

ഇമ്രാൻ്റെ സെഞ്ച്വറി മികവിൽ തൃശൂർ ടൈറ്റൻസ്; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 210 റൺസ് വിജയലക്ഷ്യം

Ahmed Imran KCL

കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് 210 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് നേടിയത്. കെസിഎൽ രണ്ടാം സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകർത്തടിച്ച അഹ്മദ് ഇമ്രാൻ്റെ പ്രകടനമാണ് തൃശൂരിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

1000250422

കെസിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിങ്സായിരുന്നു അഹ്മദ് ഇമ്രാൻ്റേത്. വെറും 24 പന്തുകളിൽ അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൌളർമാരെയും അഹ്മദ് ഇമ്രാൻ അതിർത്തി കടത്തി. ഇന്നിങ്സിൻ്റെ തുടക്കത്തിൽ ഇബ്നുൾ അഫ്താബിൻ്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടെങ്കിലും കൂസാതെ ബാറ്റിങ് തുടരുകയായിരുന്നു ഇമ്രാൻ. സ്വീപ്പും റിവേഴ്സ് സ്വീപ്പും, കട്ടും അപ്പർ കട്ടും അടക്കം എല്ലാ ഷോട്ടുകളും പായിച്ച ഇമ്രാൻ യോർക്കർ ലെങ്ത് പന്തുകളെപ്പോലും അനായാസം അതിർത്തി കടത്തി. ഒടുവിൽ 18ആം ഓവറിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.

ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്ന ആനന്ദ് കൃഷ്ണൻ ഏഴ് റൺസുമായി തുടക്കത്തിൽ തന്നെ മടങ്ങി. എന്നാൽ ഷോൺ റോജർക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ അഹ്മദ് ഇമ്രാൻ 75 റൺസ് കൂട്ടിച്ചേർത്തു. 26 പന്തുകളിൽ ആറ് ഫോറടക്കം 35 റൺസെടുത്ത ഷോൺ റോജറെ മോനു കൃഷ്ണ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ അക്ഷയ് മനോഹറും മികച്ച റൺറേറ്റ് നിലനിർത്തും വിധം ബാറ്റ് വീശി. 15 പന്തുകളിൽ അക്ഷയ് മനോഹർ 22 റൺസ് നേടി. സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം അഖിൽ സ്കറിയയെ ഉയർത്തിയടിക്കാൻ ശ്രമിച്ച അഹ്മദ് ഇമ്രാൻ രോഹൻ കുന്നുമ്മൽ പിടിച്ച് പുറത്താവുകയായിരുന്നു. 55 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്സും അടക്കമാണ് ഇമ്രാൻ 100 റൺസ് നേടിയത്. അവസാന ഓവറുകളിൽ രണ്ട് ഫോറും രണ്ട് സിക്സും അടക്കം12 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന എ കെ അർജുൻ്റെ ഇന്നിങ്സാണ് തൃശൂരിൻ്റെ ഇന്നിങ്സ് 200 കടത്തിയത്. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version