ഹൂബ്ലി ടൈഗേഴ്സിനു 2 വിക്കറ്റ് ജയം

ചെറിയ സ്കോറെങ്കിലും ആവേശകരമായൊരു മത്സരത്തിനാണ് ഇന്ന് മൈസൂരില്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ കാണാനായത്. ബെംഗളൂരു ബ്ലാസ്റ്റേഴ്സ് തങ്ങളുടെ 20 ഓവറില്‍ നേടിയ 102 റണ്‍സ് മറികടക്കാന്‍ ഹൂബ്ലി ടൈഗേഴ്സിനു 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. അഞ്ച് പന്തുകള്‍ ശേഷിക്കെയാണ് ടൈഗേഴ്സ് വിജയം സ്വന്തമാക്കിയത്. തന്റെ ഓള്‍റൗണ്ട് മികവിനു ടൈഗേഴ്സ് നായകന്‍ വിനയ് കുമാറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

ടോസ് നേടിയ ഹൂബ്ലി ടൈഗേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ വിനയ് കുമാര്‍ രാജൂ ഭട്കലിനെ പുറത്താക്കി. തന്റെ 4 ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുനല്‍കിയ വിനയ് കുമാറും മറ്റു താരങ്ങളും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍ കണ്ടെത്തുക ബ്ലാസ്റ്റേഴ്സിനു ബുദ്ധിമുട്ടായി. 30 റണ്‍സ് നേടിയ മഞ്ജേഷ് റെഡ്ഡി, 28 റണ്‍സുമായി പവന്‍ ദേശ്പാണ്ഡേ എന്നിവര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സില്‍ നിരയില്‍ പോരാടാന്‍ ശ്രമിച്ചത്.

അഭിഷേക് സാകുജ(3), അമന്‍ ഖാന്‍(2), ഋതേഷ് ഭട്കല്‍, ഡേവിഡ് മതിയാസ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

34/5 എന്ന നിലയിലേക്ക് കൂപ്പ്കുത്തിയ ടൈഗേഴ്സിന്റെ രക്ഷയ്ക്കെത്തിയത് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്. 35 റണ്‍സാണ് ആ കൂട്ടുകെട്ടില്‍ വിനയ് കുമാര്‍(28)-പ്രവീണ്‍ ദുബേ(32*) എന്നിവര്‍ ചേര്‍ന്ന് നേടിയത്. വിനയ് കുമാര്‍ പുറത്തായ ശേഷം 2 വിക്കറ്റുകള്‍ കൂടി നഷ്ടമായെങ്കിലും പ്രവീണ്‍ ദുബേ 19.1 ഓവറില്‍ ഹൂബ്ലിയെ വിജയത്തിലേക്ക് നയിച്ചു.

ബെംഗളൂരുവിന്റെ അഭിഷേക് ഭട്ട് അഞ്ച് വിക്കറ്റുമായി ഹൂബ്ലി ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. വി കൗശിക് രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial