ജയത്തോടെ കര്‍ണ്ണാടക ഫൈനലിലേക്ക്, എതിരാളികള്‍ ഇന്ത്യ ബി

ഇന്ത്യ എ ടീമിനെതിരെ 65 റണ്‍സിന്റെ ജയം സ്വന്തമാക്കി വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായ കര്‍ണ്ണാടക ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് കടന്നു. ഇന്ത്യ എ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യ ബി ഫൈനലില്‍ കര്‍ണ്ണാടകയെ നേരിടും. ഇന്ന് നടന്ന മത്സരത്തില്‍ കര്‍ണ്ണാടക ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രവികുമാര്‍ സമര്‍ത്ഥും(85) പവന്‍ ദേശ്പാണ്ഡേയും(95) തിളങ്ങിയ മത്സരത്തില്‍ 50 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ കര്‍ണ്ണാടക 339 റണ്‍സ് നേടുകയായിരുന്നു.

കരുണ്‍ നായര്‍(35), സ്റ്റുവര്‍ട്ട് ബിന്നി(37*), സിഎം ഗൗതം(49*) എന്നിവരും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ഷമി തന്റെ 10 ഓവറില്‍ 96 റണ്‍സാണ് വഴങ്ങിയത്. രണ്ട് വിക്കറ്റുകളും നേടി.

ഉന്മുക്ത് ചന്ദ്(81), ഇഷാന്‍ കിഷന്‍(73) എന്നിവരുടെ വേഗതയേറിയ ബാറ്റിംഗില്‍ ഇന്ത്യ എയ്ക്ക് ജയ പ്രതീക്ഷ നിലനിന്നുവെങ്കിലും മറ്റു താരങ്ങള്‍ വേഗത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. 10.1 ഓവറുകള്‍ ശേഷിക്കെ 65 റണ്‍സ് അകലെ വെച്ച് 274 റണ്‍സിനു ഇന്ത്യ എ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ പൃഥ്വി ഷായും(40) ശുഭ്മന്‍ ഗില്ലും(25) വേഗത്തില്‍ പുറത്തായി.

കര്‍ണ്ണാടകയ്ക്കായി കൃഷ്ണപ്പ ഗൗതം നാലും റോണിത് മോറെ മൂന്നും വിക്കറ്റ് നേടി. ശ്രേയസ്സ് ഗോപാലിനും രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial