കാന്‍പൂരിലെ നിര്‍ണ്ണായക പോരാട്ടം, ഇന്ത്യയോ ന്യൂസിലാണ്ടോ?

- Advertisement -

കാന്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ആദ്യ ഡേ നൈറ്റ് മത്സരത്തിനു ഇന്ന് അരങ്ങൊരുകുകയാണ്. നിര്‍ണ്ണായകമായ മത്സരത്തില്‍ പരമ്പര ലക്ഷ്യവുമായാണ് ഇന്ത്യയും ന്യൂസിലാണ്ടും ഇന്നിറങ്ങുന്നത്. വാങ്കഡേയിലെ ആദ്യ ഏകദിനം ന്യൂസിലാണ്ട് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പൂനെയില്‍ ഇന്ത്യ തിരിച്ചടിച്ചു.

അടുത്തിടെയൊന്നും ഇന്ത്യ സമാനമായ സ്ഥിതിയിലായിട്ടില്ല. ശ്രീലങ്കയെയും ഓസ്ട്രേലിയയെയും ആധികാരികമായി തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ന്യൂസിലാണ്ടിനെ നേരിടാനെത്തിയത്. എന്നാല്‍ ന്യൂസിലാണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ആതിഥേയരെ വീഴ്ത്തി അവര്‍ മുന്നിലെത്തി. രണ്ടാം ഏകദിനത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യയില്‍ ആദ്യമായി ഒരു പരമ്പര എന്ന ലക്ഷ്യത്തിനു അരികിലാണ് ന്യൂസിലാണ്ട് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-3നു പിന്നില്‍ പോയ ന്യൂസിലാണ്ടിനു ചരിത്രം തിരുത്തുവാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം.

ഇന്ത്യ തങ്ങളുടെ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തുവാന്‍ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ മികവ് പുലര്‍ത്തിയ ദിനേശ് കാര്‍ത്തിക് തന്നെ ഇന്ത്യയ്ക്കായി നാലാം സ്ഥാനം കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെ ടീമിനെ നയിക്കും. കുല്‍ദീപ് യാദവ് ഈ മത്സരത്തിലും പുറത്തിരിക്കുവാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത. അക്സര്‍ പട്ടേലും ചഹാലും ആവും സ്പിന്നര്‍മാരായി ടീമില്‍ ഇറങ്ങുക.

പിച്ചില്‍ നിന്ന് പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കില്ല എന്നത് ആഡം മില്‍നെയ്ക്ക് പകരം ഇഷ് സോധിയെ ടീമിലേക്ക് എത്തിക്കുവാന്‍ ന്യൂസിലാണ്ടിനെ പ്രേരിപ്പിച്ചേക്കാം.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്ക് 35 റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന തന്റെ തന്നെ 2011ലെ(1381 റണ്‍സ്) മെച്ചപ്പെടുത്തുവാനുള്ള അവസരം കൂടിയാണ് കാന്‍പൂരിലെ മത്സരം.

2015ല്‍ കാന്‍പൂരില്‍ അവസാനമായയി ഏകദിനം നടന്നപ്പോള്‍ റണ്ണൊഴുകുന്ന കാഴ്ചയാണ് കണ്ടത്. സമാനമായ ഒരു മത്സരം വീക്ഷിക്കുക എന്ന ആഗ്രഹത്തിലാവും ഇന്ന് കാന്‍പൂര്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement