Picsart 25 04 11 15 00 29 769

കെയ്ൻ വില്യംസണിന് പിന്നാലെ അലക്സ് കാരിയും പിഎസ്എല്ലിൽ നിന്ന് പിന്മാറി


ന്യൂസിലാൻഡിൻ്റെ കെയ്ൻ വില്യംസണിന് പിന്നാലെ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയും പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ൽ നിന്ന് പിന്മാറി. ദക്ഷിണാഫ്രിക്കയുടെ റാസ്സി വാൻ ഡെർ ഡസ്സന് പകരക്കാരനായാണ് കാരിയെ ഇസ്ലാമാബാദ് യുണൈറ്റഡ് ആദ്യം സൈൻ ചെയ്തത്. എന്നാൽ ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ തിരക്ക് കാരണം താരം പിന്മാറുകയായിരുന്നു.


ഏപ്രിൽ 11 ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലാഹോർ ഖലന്ദർസിനെതിരായ അവരുടെ ആദ്യ മത്സരത്തിന് തൊട്ടുമുന്‍പാണ് ഇസ്ലാമാബാദ് യുണൈറ്റഡ് ഈ വാർത്ത സ്ഥിരീകരിച്ചത്. കാരിയുടെ അഭാവത്തിൽ, ലീഗിന്റെ രണ്ടാം പകുതിയിൽ വാൻ ഡെർ ഡസ്സൻ്റെ ലഭ്യതയിലാണ് ഫ്രാഞ്ചൈസി ഇപ്പോൾ പ്രതീക്ഷയർപ്പിക്കുന്നത്.


നേരത്തെ, ഐപിഎൽ 2025 ലെ മെഗാ ലേലത്തിൽ വിറ്റുപോകാതിരുന്ന ശേഷം കറാച്ചി കിംഗ്‌സ് തിരഞ്ഞെടുത്ത കെയ്ൻ വില്യംസണും പിഎസ്എൽ 10 ലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പിഎസ്എല്ലിൻ്റെ 10-ാം പതിപ്പ് ഏപ്രിൽ 11 മുതൽ മെയ് 18 വരെ നാല് വേദികളിലായി 34 മത്സരങ്ങൾ ഉൾക്കൊള്ളും. ഫൈനൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും.

Exit mobile version