Picsart 25 04 19 19 23 16 753

ജോസേട്ടൻ മാസ്റ്റർ ക്ലാസ്!! ഗുജറാത്ത് ടൈറ്റൻസിന്റെ കിടിലൻ ചെയ്സ്

ജോസ് ബട്ലറിന്റെ തകർപ്പൻ ബാറ്റിങിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി. ഇന്ന് ഡൽഹി ഉയർത്തിയ 204 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് 4 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.

ഇന്ന് തുടക്കത്തിൽ അവർക്ക് ഗില്ലിനെ നഷ്ടമായി എങ്കിലും ബട്ലറിന്റെ ഇന്നിംഗ്സ് അവരെ കരകയറ്റി. ഗിൽ 7 റൺസ് മാത്രമാണ് എടുത്തത്. സായ് സുദർശൻ 21 പന്തിൽ നിന്ന് 36 റൺസ് എടുത്തു.

സായ് സുദർശൻ ഔട്ട് ആയ ശേഷം റതർഫേഡിനൊപ്പം ചേർന്ന് ബട്ലർ ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചു. ബട്ലർ 54 പന്തിൽ 98 റൺസ് അടിച്ചു. 4 സിക്സും 11 ഫോറും ബട്ലർ അടിച്ചു. സ്റ്റാർകിനെ തുടർച്ചയായ അഞ്ചു പന്തുകളിൽ 5 ഫോർ അടിച്ചതും ഇതിൽ ഉൾപ്പെടുന്നു.

റതർഫോർഡ് 34 പന്തിൽ 43 റൺസ് എടുത്ത് പുറത്തായി. അവസാന ഓവറിൽ പത്ത് റൺ ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ തെവാതിയ സിക്സ് അടിച്ച് സമ്മർദ്ദം ഒഴിവാക്കി. രണ്ടാം പന്തിൽ 4ഉം അടിച്ച് തെവാതിയ വിജയം ഉറപ്പിച്ചു.


ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. ഡൽഹി നിരയിൽ എല്ലാവരും മികച്ച സംഭാവന നൽകി. അക്സർ പട്ടേൽ 32 പന്തിൽ 39 റൺസുമായി ടോപ് സ്കോററായപ്പോൾ, കരുൺ നായർ (18 പന്തിൽ 31), കെ എൽ രാഹുൽ (14 പന്തിൽ 28), അശുതോഷ് ശർമ്മ (19 പന്തിൽ 37) എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകൾ സ്കോർബോർഡിനെ ചലിപ്പിച്ചു.


തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ഡൽഹി ക്യാപിറ്റൽസ് ഇന്നിംഗ്സ് മുഴുവൻ മികച്ച റൺറേറ്റ് നിലനിർത്തി. ഗുജറാത്ത് ടൈറ്റൻസിൻ്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത് പ്രസിദ്ധ് കൃഷ്ണയാണ്. നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം 41 റൺസിന് 4 വിക്കറ്റ് എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, ഇഷാന്ത് ശർമ്മ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി പിന്തുണ നൽകി.

Exit mobile version